1

കൊല്ലം: യാത്രക്കാരുടെ നടുവൊടിച്ച് പള്ളിത്തോട്ടം-കൊച്ചുപിലാംമൂട് റോഡ്. റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. എന്നിട്ടും കണ്ടഭാവം നടിക്കാതെ കണ്ണടയ്ക്കുകയാണ് അധികൃതർ.

നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രത്തിലെ റോഡിനാണ് ഈ ദുർഗതി. ബീച്ച് ഭാഗത്ത് നിന്ന് കല്ലുപാലം ഭാഗത്തേക്ക് പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. ഇവിടെ റോഡിന്റെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. കുഴികൾ പലതും ഗർത്തങ്ങളായി മാറിയിട്ടുണ്ട്. ടാറിംഗ് ഇല്ലാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്.

കൊച്ചുപിലാംമൂട് തോപ്പ് പള്ളി, റേഷൻകട, മാദ്ധ്യമസ്ഥാപനങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ റോഡിന്റെ വശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പള്ളിയിലേക്കും മറ്റും എത്തുന്നവരാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. റോഡിലെ കുഴികളിൽ വീണ് ദിവസവും അപകടങ്ങളും പതിവാണ്.

ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും. കാൽനട യാത്രക്കാരും പ്രായമായവരും എറെ പ്രയാസപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അടിയന്തരമായി റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ബീച്ച്, കളക്ടറേറ്റ്, പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് പി.‌ഡബ്ല്യു.ഡിയുടെ അധീനതയിലാണ്.

ശാപമായി വെള്ളക്കെട്ട്

റോഡരികിൽ കൊച്ചുപിലാംമൂട് തോപ്പ് പള്ളിക്ക് സമീപം വെള്ളം കെട്ടിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ചെറിയമഴ പെയ്ത്താൽ പോലും വെള്ളക്കെട്ടാകുന്ന ഇവിടത്തെ റോഡിൽ ഇപ്പോൾ മലിനജലം ഒഴുകിയെത്തുന്ന സ്ഥിതിയാണ്. പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റേഷൻകട ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. റേഷൻ കടയ്ക്ക് മുന്നിലും സമീപത്തെ വീട്ടുമുറ്റങ്ങളിലുമെല്ലാം മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.