photo
പുത്തൂർ ആലയ്ക്കൽ ജംഗ്ഷനിൽ റോഡ് തകർന്ന ഭാഗം

പുത്തൂർ: ഉദ്ഘാടനം നടത്തി ഒരു മാസം തികയുംമുമ്പെ പുത്തൂർ ,ആലയ്ക്കൽ ജംഗ്ഷനിൽ റോഡ് തകർന്നു. കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈൻ പൊട്ടിയതാണ് ഒരു ഭാഗം തകരാൻ ഇടയാക്കിയത്. ഇതിന് സമീപത്തായി മറ്റിടങ്ങളിലും ടാറിംഗ് ഇളകി മാറി. ശാസ്താംകോട്ട- കൊട്ടാരക്കര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പലഘട്ടങ്ങളിലായി നടന്നുവരികയാണ്.

മന്ത്രി നാടിന് സമർപ്പിച്ച റോഡ്

പുത്തൂർ ടൗണിൽ മാസങ്ങൾ നീണ്ടുനിന്ന നവീകരണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞ 15ന് ഉദ്ഘാടനവും നടത്തി. മന്ത്രി കെ.എൻ. ബാലഗോപാലാണ് ടൗൺ റോഡ് നവീകരണ ജോലികൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. എന്നാൽ ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും ആലയ്ക്കൽ ജംഗ്ഷനിൽ റോഡ് തകർന്ന സ്ഥിതിയാണ്. പുത്തൂർ-ശാസ്താംകോട്ട റോഡും എസ്.എൻ.പുരം റോഡും സംഗമിക്കുന്ന ഭാഗമാണിവിടം. എപ്പോഴും തിരക്കേറിയ റോഡിൽ വളവുള്ള ഭാഗത്തായിട്ടാണ് തകർച്ച.

അറ്റകുറ്റപ്പണി അത്യാവശ്യം

പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് റോഡിന്റെ ടാറിംഗ് അടക്കം ഇളകി മാറിയിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്താണ് തകരാർ മാറ്റിയത്. പിന്നീട് പച്ചമണ്ണ് നിരത്തി കുഴിയടച്ചു. വേനൽക്കാലമായതിനാൽ നിലവിൽ ചെളിക്കുണ്ടില്ല. എന്നാൽ പൊടിശല്യം തുടങ്ങിയിട്ടുണ്ട്. ഒരു വശത്താണ് ഇത്തരത്തിൽ മണ്ണിട്ട് നിരത്തിയത്. മറുഭാഗത്ത് ടാറിംഗ് ഉള്ള ഭാഗത്ത് കുഴികൾ രൂപപ്പെട്ടുതുടങ്ങി. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ റോഡ് കൂടുതൽ തകരും.