photo
പുത്തൂർ പാണ്ടറ ചിറ

പുത്തൂർ: ലക്ഷങ്ങൾ ചെലവാക്കി നവീകരിച്ച പാണ്ടറ ചിറ വീണ്ടും നാശത്തിൽ. വെള്ളം പായൽ മൂടി, വശങ്ങളിൽ കുറ്റക്കാടുകൾ വളർന്നു. വേനൽക്കാലത്തും ചിറയിലെ വെള്ളം ഉപയോഗിക്കാൻ കൊള്ളില്ല. പ്രദേശമാകെ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ നിറയെ ജലമുള്ള പാണ്ടറ ചിറയിലെ തുള്ളി വെള്ളം പോലും ഉപയോഗിക്കാൻ കഴിയുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിലൂടെ 31.40 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ചിറയ്ക്കാണ് ഈ ദുർഗതി. 2022 ആഗസ്റ്റ് 25ന് മന്ത്രി കെ.എൻ.ബാലഗോപാലാണ് നവീകരിച്ച ചിറ നാടിന് സമർപ്പിച്ചത്. എന്നാൽ പിന്നീട് ചിറ ശുദ്ധമാക്കാനും കുറ്റിക്കാടും പായലും നീക്കം ചെയ്യാനും അധികൃതർ തയ്യാറായില്ല.

ചിറ വൃത്തിയാക്കാൻ അധികൃതർ ഇടപെടുന്നില്ല

വേനൽക്കാലത്തിന്റെ ആരംഭത്തിൽത്തന്നെ ചിറ ഇറച്ച് ശുദ്ധീകരിച്ചിരുന്നുവെങ്കിൽ നാടിന് ഇപ്പോൾ വലിയ അനുഗ്രഹമായി മാറിയേനെ. കുളിക്കാനും തുണി അലക്കാനും വാഹനങ്ങൾ കഴുകാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ചിറയിലെ വെള്ളം ഉപയോഗിക്കാൻ കഴിയുമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കും വെള്ളമില്ലാത്ത സ്ഥിതിയാണ്. സംരക്ഷണി ഭിത്തികളിൽ മരങ്ങൾ വളരുന്നുണ്ട്. ഇത് കെട്ട് ഇടിഞ്ഞുതള്ളാൻ ഇടയാക്കും. ജില്ലാ പഞ്ചായത്ത് നവീകരിച്ച് സമർപ്പിച്ചതിനാൽ നെടുവത്തൂർ ഗ്രാമപഞ്ചായത്തിനും മുൻകൈയെടുത്ത് ചിറ വൃത്തിയാക്കാവുന്നതേയുള്ളു. തൊഴിലുറപ്പ് പദ്ധതിയിലടക്കം ഉൾപ്പെടുത്തി ഇത്തരം പ്രവർത്തനം നടത്താമെങ്കിലും പഞ്ചായത്തും താത്പപര്യമെടുക്കുന്നില്ല. രാഷ്ട്രീയ ചിന്തകളാണ് ഇതിന് തടസമെന്നാണ് ആക്ഷേപം. ബി.ജി.പിയുടെ അംഗം മെമ്പറായുള്ള കരുവായം വാർഡിലാണ് ചിറ സ്ഥിതി ചെയ്യുന്നത്.

സായന്തന പാർക്ക് വന്നാൽ രക്ഷ

ചിറയുടെ ഉദ്ഘാടന വേളയിൽ ഇവിടെ സായന്തനങ്ങൾ ചിലവഴിക്കാനുള്ള പാർക്കുകൂടി നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇരിപ്പിടങ്ങളും ലൈറ്റിംഗ് സംവിധാനങ്ങളുമൊക്കെ ഏർപ്പെടുത്തി പാർക്കുകൂടി വന്നാൽ ചിറയ്ക്കും സംരക്ഷണമാകും. നാടിന് വികസന വഴിതെളിയും. കൊട്ടാരക്കര- പുത്തൂർ റോഡരികിലാണ് ചിറയും അനുബന്ധ ഭൂമിയും. അതുകൊണ്ടുതന്നെ പാർക്ക് തുടങ്ങിയാൽ പുറമെ നിന്നുള്ള ആളുകളും ഇവിടെ വിശ്രമത്തിനിറങ്ങും.