കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ മൂന്ന് ടെക്നീഷ്യന്മാരെ കൂടി നിയമിക്കാനുള്ള ശുപാർശ ആശുപത്രി അധികൃതർ ഇ.എസ്.ഐ കോർപ്പറേഷൻ ഹെഡ് ക്വാർട്ടേഴ്സിന് അയച്ചു.

പുതുതായി മൂന്ന് ഡയാലിസിസ് ബെഡുകൾ സ്ഥാപിക്കാനുള്ള ടെണ്ടർ അവസാനഘട്ടത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അധികമായി ആവശ്യമുള്ള ടെക്നീഷ്യന്മാരുടെ അടക്കം റിപ്പോർട്ട് നൽകാൻ ഇ.എസ്.ഐ കോർപ്പറേഷൻ എല്ലാ ഇ.എസ്.ഐ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിരുന്നു. യന്ത്രങ്ങളുടെ തകരാറും ജീവനക്കാരുടെ കുറവും മൂലം ഇ.എസ്.ഐ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ആശ്രാമം ആശുപത്രിയിൽ നിന്നുള്ള ശുപാർശ വേഗത്തിൽ കൈമാറിയത്. ആശുപത്രിയിലെ ഒരു ഡയാലിസിസ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണിയും കഴിഞ്ഞ ദിവസം പൂർത്തിയാക്കി.

മൂന്ന് ഷിഫ്ടുകളായാണ് ആശുപത്രിയിൽ നിലവിൽ ഡയാലിസിസ് നടക്കുന്നത്. ഓരോ ഡയാലിസിസ് ബെഡിനൊപ്പം ഒരു ടെക്നീഷ്യൻ വേണമെന്നാണ് ചട്ടം. പക്ഷെ ഇവിടെ ആകെ അഞ്ച് ഡയാലിസിസ് ടെക്നീഷ്യന്മാരേയുള്ളു. ടെക്നീഷ്യന്മാരുടെ കുറവ് പരിഹരിക്കാൻ മൂന്ന് സീനിയർ നഴ്സിംഗ് ഓഫീസർ, അറ് നഴ്സിംഗ് ഓഫീസർ, ഒരു സി.എസ്.ആർ ടെക്നീഷ്യൻ എന്നിവരെ അധികമായി നിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നത്. നിലവിൽ ഒരോ മാസവും അറുനൂറിലധികം ഡയാലിസിസ് ഇവിടെ നടക്കുന്നുണ്ട്. കൂടുതൽ ഡയാലിസിസ് കിടക്കകൾ എത്തുന്നതോടെ കൂടുതൽ പേർക്ക് ആശ്വാസം നൽകാനാകും. ഇവിടെ ഡയലിസിസ് നടത്തുന്നവർക്ക് സൗജന്യ ഭക്ഷണവുമുണ്ട്.