bb

കൊല്ലം: ജില്ലയിലെ ചൂട് 40 ഡിഗ്രി കടന്നതോടെ ജനജീവിതം ദുസഹമായി. 13 വരെ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ജില്ലയിൽ പുനലൂരായിരുന്നു നേരത്തെ കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അഞ്ചൽ, തെന്മല എന്നിവിടങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ താപനില 40ന് മുകളിലാണ്.

തെന്മലയിൽ ഇന്നലെ രേഖപ്പെടുത്തിയ 41.7ഡിഗ്രിയാണ് ജില്ലയിലെ ഉയർന്ന താപനില. കടുത്ത ചൂടിൽ ജില്ലയിൽ അഞ്ച് പേർക്കാണ് സൂര്യാതപം ഏറ്റത്.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഉയർന്ന താപനിലയുടെ യെല്ലോ അലർട്ടാണ് നിലവിലെന്നും ഉഷ്ണതരംഗം തുടരുമെന്നും പൊതുജനങ്ങൾ പകൽസമയത്ത് അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷനായ ജില്ലാ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.


പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്
 രാവിലെ 11 മുതൽ വൈകിട്ട് 3 വരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുത്

 പരമാവധി ശുദ്ധജലം കുടിക്കണം

 മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കണം

 നിർമ്മാണത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കർഷകത്തൊഴിലാളികൾ, കാഠിന്യമുള്ള മറ്റേതെങ്കിലും ജോലികൾ ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം

 കുട്ടികളെയോ വളർത്ത് മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്

 അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം

 പഴങ്ങളുംപച്ചക്കറികളും ധാരാളമായി കഴിക്കുക

 കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വിവിധ രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ എന്നിവർ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്

 പൊതുപരിപാടികൾ, സമ്മേളനങ്ങൾ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാക്കണം