കൊല്ലം: മീനമ്പലത്ത് ആടുവസന്ത സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തി. രോഗം ബാധിച്ച ആടുകളുമായി അടുത്തിടപഴകുന്നവരിൽ നിന്നും അവരുടെ ചെരിപ്പുകളിലൂടെയുമാണ് രോഗം പകരുന്നത്.

മീനമ്പലം, കരുമ്പാലൂർ, കുളത്തൂർ, പാമ്പുറം, ഏഴിപ്പുറം, പാരിപ്പള്ളി, ചാവർകോട്, പുതിയപാലം, ചിറക്കര എന്നിവിടങ്ങളിൽ ആയിരത്തോളം ആടുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. ആടുകളെ പുതുതായി ഫാമിലേക്ക് എത്തിക്കുന്നത് നിരോധിച്ചു. സാംക്രമിക രോഗനിയന്ത്രണ വിഭാഗത്തിലെ ഡോക്ടർമാരായ ആർ. ഗീതാ റാണി, ആര്യ സുലോചനൻ, ഡോ. ആർ.ബിന്ദു, ഡോ. യാസിൻ എന്നിവർ സാമ്പിളുകൾ ശേഖരിച്ചു.

രോഗം സ്ഥിരീകരിച്ചതിനെതുടർന്ന് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസർമാരായ ഡോ.രാജേഷ്, ഡോ. അജിത് കുമാർ എന്നിവരാണ് തുടർനടപടികൾ സ്വീകരിച്ചത്. പത്തിൽ കൂടുതൽ ആടുകളെ വളർത്തുന്നവർ കല്ലുവാതുക്കൽ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻകുമാർ അറിയിച്ചു.