പാരിപ്പള്ളി: ചാത്തന്നൂരി​ൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവിനെ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പി​ച്ചു. മൈലക്കാട് സിനേഷ് ഭവനിൽ സിനേഷിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.

മൈലക്കാട് പള്ളി​ക്കുരിശ്ശടിക്ക് സമീപത്തു വച്ച് സിനേഷിനെ, ഓട്ടോയിലെത്തിയ മൈലക്കാട് സ്വദേശി ധനേഷ് തടഞ്ഞു നിറുത്തി. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ധനേഷ് കൂട്ടുകാരനായ ഓമനക്കുട്ടനെ വിളിച്ചുവരുത്തി​യതോടെ തർക്കം രൂക്ഷമായി​. നാട്ടുകാർ കൂടുന്നതു കണ്ട് ഇവർ പിരിഞ്ഞുപോയി​. എന്നാൽ സിനേഷ് വീടി​ന് സമീപം എത്തിയപ്പോൾ വീണ്ടും ധനേഷും ഓമനക്കുട്ടനും കാത്തു നിന്ന് സിനേഷിനെ ആക്രമിക്കുകയായി​രുന്നു. പി​ടി​വലി​ക്കി​ടെ ഓമനക്കുട്ടൻ സിനേഷിനെ വെട്ടി​. ആദ്യ വെട്ടിൽ സിനേഷ് ഒഴിഞ്ഞുമാറിയെങ്കിലും പിന്നീടുളള ആക്രമണത്തിൽ കൈവിരലുകൾക്ക് പരിക്കേറ്റു. സിനേഷിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്തു.