പരവൂർ: ഇടവ, നടയറ, പരവൂർ കായലുകളിലായി 9 ബോട്ട് ജെട്ടികൾ സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്‌ക്കളുടെയും വിഹാര കേന്ദ്രങ്ങളായി നശിക്കുന്നു. കലയ്‌ക്കോട്, നെല്ലേറ്റിൽ, പീന്തൽമുക്ക്, കാപ്പിൽ,നേരുകടവ്, പൊഴിക്കര മഞ്ചേരിയിൽ കടവുകളിലാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബോട്ട് ജെട്ടികൾ കോട്ടപ്പുറം- കോവളം ജലപാതയിലെ നോക്കുകുത്തികളാവുന്നത്.
2015 ലാണ് ഈ ബോട്ട് ജെട്ടികൾ നിർമ്മിച്ചത്. കേരളത്തിന്റെ ജലഗതാഗത ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള കോട്ടപ്പുറം- കോവളം ജലപാതയുടെ ഭാഗമായി ഉൾനാടൻ ജലഗതാഗത വകുപ്പാണ് പാത നവീകരണത്തിനും ആഴം കൂട്ടലിനുമൊപ്പം ബോട്ട് ജെട്ടികൾ നിർമ്മിച്ചത്. പദ്ധതി ഉടൻ കമ്മിഷൻ ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിൽ ബോട്ട് ജെട്ടികൾ സ്ഥാപിച്ചിട്ട് 9 വർഷം പിന്നിടുന്നു. ആദ്യം കരാർ അടിസ്ഥാനത്തിൽ യാത്രാ ബോട്ടുകൾ പരീക്ഷണ ഓട്ടം നടത്തിയപ്പോൾ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും ക്രമേണ ട്രിപ്പുകൾ നിലച്ചു. ചുറ്റും അരയാൾ പൊക്കത്തിലുള്ള വേലികൾ നശിച്ചു.
പരീക്ഷണ ഓട്ടം നടത്തിയ കാലത്ത് ബോട്ടുകൾ കയർ തൊഴിലാളികൾക്ക് വലിയ ആശ്രയമായിരുന്നു. പീന്തൽമുക്ക് ഭാഗത്തെ ബോട്ട് ജെട്ടി ഒറ്റപ്പെട്ട ഇടത്തായതിനാൽ ആരും തിരിഞ്ഞുനോക്കാത്തത് സാമൂഹ്യവിരുദ്ധർക്ക് സൗകര്യമായി. പീന്തൽമുക്ക് പ്രദേശവാസികൾക്ക് റോഡ് മാർഗം പരവൂരെത്തുന്നത് 2 കിലോമീറ്ററും കാപ്പിൽ എത്തുന്നത് 3 കിലോമീറ്ററും ലാഭിക്കാൻ ബോട്ടുകൾ ആശ്രയമായിരുന്നു. ഈ ഭാഗത്തുള്ള സ്‌കൂൾ കുട്ടികളും കയർ തൊഴിലാളികളും ഇപ്പോൾ ബസിലാണ് യാത്ര. കടത്തു വള്ളങ്ങളായിരുന്നു പണ്ട് ആശ്രയം. ബോട്ട് ഓടിത്തുടങ്ങിയതോടെ കടത്തു വള്ളങ്ങളും നിലച്ചു.
..............................
ജലപാത പൂർത്തിയാകാൻ വർഷങ്ങളെടുക്കും. ബോട്ട് സർവ്വീസ് പുനരാംരംഭിച്ചു. നാട്ടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമുണ്ടാക്കണം. വിനോദ സഞ്ചാരത്തിനും വലിയ സാദ്ധ്യതയുള്ളതാണ്
ഇടവ മമ്മൂട്ടി
ഐടി സംരംഭകൻ
...................
കോട്ടപ്പുറം- കോവളം ജലപാത, നവീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ആഴംകൂട്ടലും പായൽ നീക്കവും പുരോഗമിക്കുന്നു. ആഴം കൂട്ടിയപ്പോൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കര ഇടിഞ്ഞതിനെ തുടർന്ന് സംരക്ഷണ ഭിത്തികൾ കെട്ടുന്നുണ്ട്. തീരത്തുള്ളവരെ ഒഴിപ്പിച്ചു പുനരധിവസിപ്പിക്കുക എന്ന ശ്രമകരമായ യത്നം പൂർണമായി വിജയിച്ചു. കമ്മിഷൻ ചെയ്യപ്പെടുന്നതോടെ ബോട്ട് ജെട്ടികൾ പൂർവ്വ സ്ഥിതിയിലാകും
ഉൾനാടൻ ജലഗതാഗത വിഭാഗം ഉദ്യോഗസ്ഥർ