jhg
ഓട്ടോറിക്ഷ ഡ്രൈവറായ സനൽ കളഞ്ഞുകിട്ടിയ പഴ്സ് ഉടമയായ അതീഷിന് കൈമാറുന്നു. കൊല്ലം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സബ് ഇൻസ്പെക്ടർ അഭിലാഷ്, സി.പി.ഒമാരായ ഗോപൻ, അശോകൻ എന്നിവർ സമീപം

കൊല്ലം: ആശ്രാമം ലിങ്ക് റോഡിന് സമീപത്തു നിന്ന് 12,060 രൂപയും രേഖകളും അടങ്ങി​യ പഴ്സ് കയ്യി​ൽ കി​ട്ടി​യ ഓട്ടോറി​ക്ഷ ഡ്രൈവർ പൊലീസ് മുഖേന ഉടമയെ കണ്ടെത്തി​ കൈമാറി​.

നീരാവിലെ ഓട്ടോഡ്രൈവർ കുരീപ്പുഴ ശുഭാനന്ദ പ്രഭയിൽ സനലി​നാണ് (51) ഇന്നലെ രാവിലെ 10.30ന്

പഴ്സ് ലഭിച്ചത്. എ.ടി.എം കാർഡ്, ലൈസൻസ് തുടങ്ങി വിലപ്പെട്ട രേഖകളുമുണ്ടായി​രുന്നു. കിളികൊല്ലൂർ സെക്യുലർ നഗ‌ർ 2 എ കാർത്തികയിൽ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തുന്ന അതീഷിന്റെ പഴ്സാണ് നഷ്ടപ്പെട്ടത്. ബിസിനസ് ആവശ്യത്തിനായി പോയ അതീഷ് കാറിന്റെ ഡോറിൽ സൂക്ഷിച്ചിരുന്ന പഴ്സ് അബദ്ധത്തിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതു കണ്ട സനൽ പഴ്സുമായി കാറിനെ പിന്തുട‌ർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് ലിങ്ക് റോഡിൽ ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം നിന്നിരുന്ന കൊല്ലം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സബ് ഇൻസ്പെക്ടർ അഭിലാഷ്, സി.പി.ഒ ഗോപൻ എന്നിവരെ പഴ്സ് ഏൽപ്പിച്ചു. പഴ്സിലെ വിസിറ്റിംഗ് കാർഡിൽ നിന്ന് കിട്ടിയ നമ്പറിൽ ഉടമയെ ബന്ധപ്പെട്ടു. അപ്പോഴാണ് അതീഷ് വി​വരം അറിയുന്നത്. തുടർന്ന് ട്രാഫിക് സ്റ്റേഷനിലേക്ക് എത്തുകയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അതീഷിന് സനൽ പഴ്സ് കൈമാറുകയുമായിരുന്നു. സനലിനെ എസ്.എച്ച്.ഒ ഗോപകുമാ‌ർ അഭിനന്ദിച്ചു.