കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രധാന ജംഗ്ഷനുകളുടെ നിർമ്മാണം 30 ശതമാനം പിന്നിട്ടു. കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ മേവറം, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിലാണ് മിനി ഫ്ലൈ ഓവറുകൾ വരുന്നത്.
മേവറം ജംഗ്ഷനിൽ 35 മീറ്റർ നീളമുള്ള ഒറ്റ സ്പാൻ ഫ്ലൈ ഓവറാണ് നിർമ്മിക്കുന്നത്. കൊട്ടിയത്ത് 27 മീറ്റർ വീതമുള്ള നാല് സ്പാനുകൾ, ചാത്തന്നൂരിൽ 30 മീറ്രർ വീതമുള്ള രണ്ട് സ്പാനുകൾ, പാരിപ്പള്ളിയിൽ 35 മീറ്റർ വീതം നീളമുള്ള മൂന്ന് സ്പാനുകൾ എന്നിങ്ങനെയാണ് ഫ്ലൈ ഓവറുകളുടെ നീളം. ഇതിൽ മേവറം ജംഗ്ഷനിൽ പൈലിംഗും പിയറുകളുടെ നിർമ്മാണവും ഒരുമിച്ച് പുരോഗമിക്കുന്നു.
ചാത്തന്നൂരിൽ മാത്രമാണ് രണ്ട് വശത്തെയും പിയറുകളും ആറ് പിയർ ക്യാപ്പുകളും പൂർത്തിയായത്. കൊട്ടിയത്ത് ഒരു വശത്തെ പിയറുകളും എട്ട് പിയർ ക്യാപ്പുകളും പൂർത്തിയായി. മറുവശത്ത് ആരംഭിച്ചിട്ടില്ല. പാരിപ്പള്ളിയിൽ ഒരുവശത്തെ പിയർ നിർമ്മാണം മാത്രമാണ് നടക്കുന്നത്.
കൊട്ടിയത്ത് ആർ.ഇ വാൾ നിർമ്മാണത്തിനെടുത്ത കുഴിയിൽ നാഷണൽ പെർമിറ്റ് ലോറി മറിഞ്ഞതാണ് ഒടുവിലത്തെ അപകടം. 12ന് പുലർച്ചെ കൊട്ടിയം ഇ.എസ്.ഐ ജംഗ്ഷനിലെ കുഴിയിലാണ് തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന ലോറി വീണത്. ഈ ഭാഗത്ത് സുരക്ഷാ മുന്നറിയിപ്പുകളൊന്നും കാര്യമായി ഉണ്ടായിരുന്നില്ല.
പ്രധാന ജംഗ്ഷനുകളിൽ ഗതാഗത സ്തംഭനം
പ്രധാന ജംഗ്ഷനുകളിൽ ഗതാഗത സ്തംഭനവും അപകടവും പതിവായി
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ലീഗൽ സർവീസസ് അതോറിറ്റി അടക്കം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അനങ്ങാപ്പാറ നിലപാടിൽ
കമ്പികളിൽ റിബൺ കെട്ടിയാണ് സുരക്ഷാ മുന്നറിയിപ്പ്
ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് സിമന്റ് ബ്ലോക്കുകൾ ഉപയോഗിച്ചുള്ള സുരക്ഷ
ഇത്തിക്കര പാലം പൊളിക്കില്ല
ഇത്തിക്കര പാലം പൊളിക്കാനുള്ള തീരുമാനം മാറ്റി. പകരം മൂന്ന് വരികൾ വീതമുള്ള രണ്ട് പാലങ്ങളാണ് പുതുതായി നിർമ്മിക്കുന്നത്. നിലവിലുള്ള പാലം ആദിച്ചനല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് നേരിട്ട് ചാത്തന്നൂർ ഭാഗത്തേക്ക് പോകാനുള്ള സർവീസ് റോഡായി ഉപയോഗിക്കും.
വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതെയുള്ള നിർമ്മാണത്തിനെതിരെ നൽകിയ ഹർജി ലീഗൽ സർവീസസ് അതോറിറ്റിയുടെ പരിഗണനയിലാണ്.
കൊട്ടിയം പൗരവേദി