ns

 നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

ശാസ്താംകോട്ട: ഉദ്ഘാടനം നടത്തിയിട്ടും പ്രവർത്തനം തുടങ്ങാതിരുന്ന ശാസ്താംകോട്ടയിലെ വഴിയോര വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ലക്ഷങ്ങൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തിയിട്ടും മാസങ്ങളോളം അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. വിശ്രമകേന്ദ്രത്തെക്കുറിച്ച് കേരളാകൗമുദി നൽകിയ വാർത്തയെത്തുടർന്നാണ് പഞ്ചായത്ത് അധികൃതർ വഴിയോര വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചത്.

കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ ശാല പ്രവർത്തിച്ചു തുടങ്ങിയതോടെ വഴിയോര വിശ്രമകേന്ദ്രം സജീവമായി. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് ഭക്ഷണ ശാല പ്രവർത്തിക്കുക. ഇതോടെ ചന്ത ദിവസങ്ങളിൽ കച്ചവടക്കാർക്കും നാട്ടുകാർക്കും വലിയ ഉപകാരമാകും. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും മറ്റും വിശ്രമകേന്ദ്രം വലിയ ആശ്വാസമാകും.

തുറക്കാൻ ഇനിയും ബാക്കി

ശൂരനാട് വടക്ക് പഞ്ചായത്തിൽ കൊല്ലം തേനി ദേശീയ പാതയിൽ ഈറ്റശ്ശേരി ചിറയോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും നടത്തിയിട്ടില്ല. ഉദ്ഘാടനം നടത്തിയ മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പ്രവർത്തനം പേരിനു മാത്രമാണുള്ളത്. ലക്ഷങ്ങൾ മുടക്കി പഞ്ചായത്തുകൾ നിർമ്മിച്ച ഉത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് പ്രയോജനകരമാക്കുന്ന തരത്തിലേക്ക് മാറ്റാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.