കൊല്ലം: പൂരത്തിന് പകിട്ടേകാൻ താമരക്കുളം ഗണപതിയുടെ കമനീയ ഇല്ലസ്ട്രേഷനുകൾ. ശ്രീരാമൻ,​ ഭരതനാട്യം,​ മോഹിനിയാട്ടം,​ പൂക്കാവടി, ഡോൾക്കാവടി,​ ഗുളികൻ തെയ്യം,​ കുരുത്തോലക്കുട തുടങ്ങി കൂറ്റൻ എടുപ്പുകളും കലാരൂപങ്ങളും ചേർന്നതാണ് അലങ്കാരങ്ങൾ. സാരി. പ്ലാസ്‌‌റ്റിക് പൂക്കൾ, കുരുത്തോല ഉൾപ്പടെ ഭാരം കുറഞ്ഞ വസ‌്‌തുക്കൾ കൊണ്ടുള്ള നിർമ്മിതികൾ 15 അടിയോളം ഉയരമുള്ളതും ഭാരം കുറഞ്ഞവയുമാണ്.

വിഷു ദിനത്തിൽ താമരക്കുളം ക്ഷേത്രത്തിന് സമീപം അണിനിരക്കുന്ന കലാരൂപങ്ങൾ പിറ്റേന്ന് പൂരദിനത്തിൽ വൈകിട്ട് 4 ന് ആശ്രാമം മൈതാനത്തേക്കുള്ള ഗംഭീര ഘോഷയാത്രയിലെ മുഖ്യ ആകർഷകമാകും. പുതിയകാവ് ഭഗവതിയും താമരക്കുളം ഗണപതിയും തിടമ്പേറ്റി പരസ്‌പരം കുടമാറ്റം നടത്തുന്ന ആശ്രാമം പൂരപ്പറമ്പിലെ താമരക്കുളം ഗണപതിയുടെ ഭാഗത്തെ 11 ആനകളുടെ പുറത്തേറുന്ന രൂപങ്ങൾ അലങ്കാര കുടകൾക്കൊപ്പം പൂരകാഴ്‌‌ച്ചകൾക്ക് കൂടുതൽ മിഴിവും ചാരുതയും പകരും. ഒന്നര മാസമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. കോർപ്പറേഷൻ റിട്ട. ഹെൽത്ത് ഇൻസ്‌പെക്‌ടർ സുനിൽ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.