
പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിൽ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കൊല്ലത്തിനും ചെങ്കോട്ടയ്ക്കും മദ്ധ്യേയുള്ള പ്രധാന റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. വേളങ്കണ്ണി, ഗുരുവായൂർ, പാലക്കാട്, ചെന്നൈ, കന്യാകുമാരി, മധുര തുടങ്ങിയ നിരവധി ദീർഘദൂര ട്രെയിനുകൾ കടന്ന് പോകുന്ന രണ്ടാം പ്ലാറ്റ് ഫോമിലാണ് യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത്. കുട്ടികൾക്കൊ, മുതിർന്നവർക്കൊ ഇരിക്കാനുള്ള ഇരിപ്പിടവും പ്ളാറ്റ് ഫോമിൽ സജ്ജമാക്കിയിട്ടില്ല. കനത്ത ചൂടിൽ ചുട്ടു പൊള്ളുന്ന വെയിലത്താണ് യാത്രക്കാർ നിൽക്കുന്നത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന റെയിൽവേ സ്റ്റേഷനിലാണ് വർഷങ്ങളായി യാത്രക്കാർ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നത്.