
15 മണിക്കൂർ നാട് മുൾമുനയിൽ
അപകടം ഇന്നലെ പുലർച്ചെ 5 ഓടെ
ഉച്ചയ്ക്ക് 1 ഓടെ മൂന്ന് ടാങ്കറുകളിലായി ഗ്യാസ് പകർത്തി
രാത്രി 7.30 ഓടെ ടാങ്കർ ഉയർത്തി റോഡിലെത്തിച്ചു
ഉയർത്തിയത് മൂന്ന് ക്രെയിനുകളുടെ സഹായത്തോടെ
രാത്രി 8.30 ഓടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, വൻ ദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചെ അഞ്ചോടെ പനവേലി മഞ്ചാടിപ്പണ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
തൂത്തുക്കുടിയിൽ നിന്ന് തിരുവനന്തപുരം വഴി കോട്ടയത്തേക്ക് പാചക വാതകവുമായി പോയ ടാങ്കറാണ് വൈദ്യുതി പോസ്റ്റിലിടിച്ചശേഷം തലകീഴായി തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ തമിഴ്നാട് സ്വദേശി പനീർ ശെൽവത്തിന് (49) പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഉറങ്ങിപ്പോയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. അപകട ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ഡ്രൈവർ കാലിന് ഗുരുതര പരിക്കേറ്റ് അവശനായ നിലയിൽ റോഡരികിലിരിക്കുകയായിരുന്നു.
അപകടം നടന്ന് മിനിട്ടുകൾക്കകം ഫയർഫോഴ്സും പൊലീസുമടക്കം സുരക്ഷാ സംവിധാനങ്ങളൊരുക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. മറിഞ്ഞ ടാങ്കറിൽ നിന്ന് പാചക വാതകം പുറത്തേക്ക് വമിച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതിനാലാണ് ദുരന്തമൊഴിവായത്.
എം.സി റോഡുവഴി ഗതാഗതം പൂർണമായും തടഞ്ഞാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സാങ്കേതിക വിദഗ്ദ്ധരടക്കമെത്തി വാതകം സുരക്ഷിതമായി മറ്റ് മൂന്ന് വാഹനങ്ങളിലേക്ക് പകർത്തിമാറ്റിയാണ് ഗതാഗതം രാത്രി 8.30 ഓടെ ഭാഗികമായി പുനഃസ്ഥാപിച്ചത്.
ജീവൻ കൈയിൽ പിടിച്ച് 12
യൂണിറ്റ് ഫയർ ഫോഴ്സ്
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പന്ത്രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം ഒരു പകൽ മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടാവസ്ഥ പൂർണമായും ഒഴിവാക്കിയത്. എം.സി റോഡിനോട് ചേരുന്ന ചെറിയ തോട്ടിലേക്കാണ് ടാങ്കർ മറിഞ്ഞത്. ഫയർ ഫോഴ്സ് സംഘം കനാലിൽ നിന്നടക്കം വെള്ളം ശേഖരിച്ച് ഇടവേളയില്ലാതെ ടാങ്കറിലേക്ക് ഒഴിക്കുകയും മറ്റ് അപകടമുണ്ടാകാത്ത വിധം അഗ്നിബാധ തടയാനുള്ള സ്പ്രേ ചെയ്തുമാണ് അഗ്നിബാധ ഒഴിവാക്കിയത്. റൂറൽ എസ്.പി കെ.എം.സാബു മാത്യു ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് സുരക്ഷിത സംവിധാനങ്ങളൊരുക്കിയത്. പുലർച്ചെ മുതൽ രാത്രിയോടെ ടാങ്കർ ഉയർത്തുന്നതുവരെയും നാടാകെ ഭീതിയിലായിരുന്നു.