കൊട്ടാരക്കര: പനവേലിയിൽ പാചക വാതകം നിറച്ച ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ വാർത്ത പരന്നതോടെ നാട് ആശങ്കയിലായി, ഏത് നിമിഷവും വൻ അപകടം പ്രതീക്ഷിച്ച് പേടിയോടെയാണ് നാട്ടുകാർ ഒരു പകൽ തള്ളി നീക്കിയത്.
പുലർച്ചെ അഞ്ചിനാണ് ടാങ്കർ ലോറി മറിഞ്ഞത്. വാതക ചോർച്ചയുള്ളതിനാൽ ഏത് നിമിഷവും അപകടത്തിന് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചിരുന്നു. മൊബൈൽ ഫോണുകളടക്കം ഉപയോഗിക്കാൻ ആളുകൾ മടിച്ചു. എം.സി റോഡിലെ ഗതാഗതം പൂർണമായും തടയുകയും അപകട ഭാഗത്തേക്ക് ആളുകളെ കടത്തിവിടാതെയും പൊലീസടക്കം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.
എന്നാൽ അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കാഞ്ഞവർ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചത് കൂടുതൽ ഭീതി പരത്തി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളടക്കം അടച്ചിട്ടു. ഏറ്റവും അടുത്ത ഭാഗത്തെ വീടുകളിൽ അടുക്കളയിൽ പാചകമടക്കം ഒഴിവാക്കി. പൊലീസും ഫയർഫോഴ്സുമടക്കം അപകട സ്ഥലത്തും പരിസര പ്രദേശങ്ങളിലും സുരക്ഷാ കവചമൊരുക്കി.
അധികൃതരുടെ നിർദ്ദേശങ്ങൾ നാട്ടുകാരും പാലിച്ചു. ഇതാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായത്. കനത്ത ചൂടുള്ളതിനാൽ ഇടവേളയില്ലാതെ ടാങ്കർ വെള്ളമൊഴിച്ച് നനച്ചുകൊണ്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരൊഴികെയുള്ളവരെ അപകട സ്ഥലത്ത് നിന്നും പൂർണമായും നീക്കിയിരുന്നു. തലേന്ന് വൈകിട്ടുതന്നെ പനവേലി ഭാഗങ്ങളിൽ വൈദ്യുതി തടസമുണ്ടായിരുന്നു. അപകട സമയത്തും വൈദ്യുതി ഇല്ലായിരുന്നുവെന്നാണ് സൂചന.
നേരനുഭവമായി 'ഫയർമാൻ'
റോഡിന് നടുവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞതും തുടർന്നുള്ള സുരക്ഷാ സംവിധാനങ്ങളുമടക്കം ചിത്രീകരിച്ച 'ഫയർമാൻ' എന്ന മമ്മൂട്ടി ചിത്രത്തിലെ രംഗങ്ങളാണ് പനവേലി പ്രദേശത്തുകാർ വീക്ഷിച്ചത്. വലിയ അപകടം സംഭവിക്കാൻ പോകുന്നതിന്റെ സൂചനകൾ എല്ലാവരിലുമെത്തി. എന്തും സംഭവിക്കാമെന്ന മുൾമുനയിലായിരുന്നു നാട്ടുകാർ. കുട്ടികളെ വീടുകൾക്ക് പുറത്തേക്ക് വിട്ടില്ല. ട്യൂഷൻ ക്ളാസുകൾക്കടക്കം അവധി നൽകി. സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. വീടുകളിൽ അടുപ്പുകൾ പുകഞ്ഞില്ല. പൊലീസും ഫയർഫോഴ്സും സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ടാങ്കറിൽ ഫയർഫോഴ്സ് വെള്ളം നിറയ്ക്കുന്ന രംഗങ്ങളടക്കം സോഷ്യൽ മീഡിയകളിൽക്കൂടി നാട്ടുകാർ കാണുന്നുണ്ടായിരുന്നു. മറ്റ് വാഹനങ്ങളിലേക്ക് ഗ്യാസ് മാറ്റിയ വാർത്തകൾ പുറത്തുവന്നതോടെയാണ് ആശ്വാസത്തിന്റെ തിളക്കം പല കണ്ണുകളിലും കണ്ടത്.