
തൊടിയൂർ: കല്ലേലിഭാഗത്ത് വീടിന് മീതേ തെങ്ങും വാകമരവും ഒടിഞ്ഞു വീണ് വീടിന് കേട് പാട് സംഭവിച്ചു. കല്ലേലിഭാഗം കേരള ഫീഡ്സ് ഫാക്ടറിക്ക് പടിഞ്ഞാറു വശം തെന്നല കിഴക്കതിൽ രാധാകൃഷ്ണന്റെ വീടിനാണ് കേട് പാട് സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെയുണ്ടായ ശക്തമായ കാറ്റിൽ തൊട്ടടുത്ത വീട്ടുപറമ്പിലെ വലിയ തെങ്ങും രാധാകൃഷ്ണന്റെ വീടിന് പിന്നിൽ, കേരള ഫീഡ്സ് ഫാക്ടറിയുടെ മതിൽക്കെട്ടിനുള്ളിൽ നിന്ന വാകമരവുമാണ് ഒടിഞ്ഞു വീണത്. കോൺക്രീറ്റ് വീടിന്റെ പിൻഭാഗത്തെ പാരപ്പറ്റും സൺ ഷെയ്ഡും തകർന്നു. വീടിന് സമീപത്ത് ചായക്കട നടത്തുന്ന രാധാകൃഷ്ണനും ഭാര്യ സുധിയും കട അടച്ച ശേഷം വീട്ടിൽ എത്തിയതിന് പിന്നാലെയാണ് വൃക്ഷങ്ങൾ ഒടിഞ്ഞ് വീടിന് മിതേ പതിച്ചത്. ഈ സമയം സുധയുടെ വൃദ്ധമാതാവും വീട്ടിനുള്ളിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. വിവരം അറിഞ്ഞ് കല്ലേലിഭാഗം വില്ലേജ് ഓഫീസർ ബിന്ദുകൃഷ്ണ വീട്ടിൽ എത്തി നാശ നഷ്ടങ്ങൾ വിലയിരുത്തി. എന്നാൽ വീടിന് മീതേ വീണു കിടക്കുന്ന മരങ്ങൾ വെള്ളിയാഴ്ച സന്ധ്യവരെയും മുറിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു.