എഴുകോൺ: നെടുമൺകാവ് പന്തപ്ലാവ് വീട്ടിൽ പത്മകുമാർ (53) മൂന്നാറിൽ വച്ച് വിഷം ഉള്ളിൽ ചെന്ന് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ രംഗത്ത്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി അടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകി. നടപടി ആവശ്യപ്പെട്ട് ഇന്ന് നെടുമൺകാവിൽ സായാഹ്ന ധർണ നടത്തും.

മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ ആയിരുന്ന പത്മകുമാർ മാർച്ച് 18 നാണ് മരിച്ചത്. റിസോർട്ടിലെ താമസ സ്ഥലത്ത് വച്ച് വിഷം ഉള്ളിൽ ചെന്ന നിലയിലാണ് പത്മകുമാറിനെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചത്. കഫ് സിറപ്പിൽ വിഷം കലർന്നതാണ് മരണകാരണമായത്. ഇതിൽ ദുരൂഹതയുണ്ടെന്നും കഫ് സിറപ്പിൽ ബോധപൂർവം മറ്റാരോ വിഷം കലർത്തിയെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.