
കൊല്ലം: കശുഅണ്ടി ഫാക്ടറികളും ആശുപത്രികളും സന്ദർശിച്ച കൊല്ലം ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. ഇന്നലെ വൈകിട്ട 4ന് ആരംഭിച്ച പ്രചാരണത്തിൽ കനത്തവെയിലിനെ അവഗണിച്ചും നിരവധിപേരാണ് സ്ഥാനാർത്ഥിയെ കാണാനും സ്വീകരിക്കാനുമെത്തിയത്.
നെല്ലിവിളയിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് പള്ളിവയൽ, പാലത്തറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെത്തി ജനങ്ങളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് മണ്ഡലത്തിലെ വിവിധ കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികളെ കണ്ട് വോട്ട് ചോദിച്ചു. കശുഅണ്ടി തൊഴിലാളികൾ എന്നു പറയുന്നത് കൊല്ലത്തിന്റെ അഭിമാനമാണെന്നും കശുഅണ്ടി തൊഴിലാളികളുടെയെല്ലാം നന്മയ്ക്ക് വേണ്ടി അഹോരാത്രം ചിന്തിക്കുകയും അതിനുവേണ്ടി മുന്നേറ്റങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സർക്കാരാണ് എൽ.ഡി.എഫ് സർക്കാരെന്നും എം.മുകേഷ് പറഞ്ഞു.
കണിക്കൊന്നയും ബുക്കുകളും നൽകിയാണ് തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പര്യടനത്തിൽ എൽ.ഡി.എഫ് നേതാക്കളായ ജെ.മേഴ്സിക്കുട്ടിഅമ്മ, എക്‌സ്.ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ എന്നിവർ ഒപ്പമുണ്ടായിരുന്നു.