പാരിപ്പള്ളി: പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ എസ്.പി.സി കേഡറ്റുകൾ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ഷെൽട്ടർ ഹോമിന്റെ 9-ാമത് വാർഷികദിനത്തിലാണ് കേഡറ്റുകൾ ഗാന്ധിഭവനിലെത്തിയത്. വാർഷിക ആഘോഷങ്ങുടെ ഉദ്ഘാടനം ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് നിർവ്വഹിച്ചു. ഉദ്ഘാടന ശേഷം ജസ്റ്റിസ് കേഡറ്റുകളുമായി സംവദിച്ചു. രാവിലെ എത്തിയ കേഡറ്റുകൾ ഗാന്ധിഭവനിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരോടൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും വൈകുവോളം ചെലവഴിച്ചു. വസ്ത്രമുൾപ്പടെയുള്ള അവശ്യവസ്തുക്കൾ അവർ ഗാന്ധിഭവന് കൈമാറി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ. ഗാന്ധിഭവൻ ചെയർ പേഴ്സൺ ഷാഹിദാ കമാൽ, എസ്.പി.സി കൊല്ലം സിറ്റി അഡിഷനൽ നോഡൽ ഓഫീസർ ബി.രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് വൈ. റഹിം, എസ്.പി.സി സി.പി.ഒമാരായ എ.സുഭാഷ് ബാബു, എൻ.ആർ. ബിന്ദു, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, പി.ടി.എ അംഗം എസ്. ദിനി തുടങ്ങിയവർ നേതൃത്വം നൽകി.