
കൊല്ലം: നാടിന്റെ ഓർമ്മകളിൽ ഇപ്പോഴും നോവായി നിറഞ്ഞുനിൽക്കുകയാണ് കരുനാഗപ്പള്ളി പുത്തൻതെരുവ് ഗ്യാസ് ടാങ്കർ ദുരന്തം. 2009 ഡിസംബർ 31ന് പുലർച്ചയാണ് കരുനാഗപ്പള്ളിയിൽ ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഓച്ചിറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിച്ച ടാങ്കർ ലോറി റോഡിന് കുറുകെ മറിഞ്ഞ് ക്യാബിനും ടാങ്കറും വേർപെട്ടു. പാചകവാതകം ചോർന്നുകൊണ്ടിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു.
രക്ഷാപ്രവർത്തനത്തിനെത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് പൂർണമായും കത്തി. രക്ഷകരായെത്തിയവർ ഉൾപ്പെടെ 12 പേർ മരിച്ചു. 21പേർക്ക് ഗുരുതര പരിക്കേറ്റു. നിരവധി കടകളും 50 ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അഗ്നിക്കിരയായി. പുത്തൻതെരുവ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങൾക്കും സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ടായി. ദേശീയപാതയിൽ 10 മണിക്കൂർ ഗതാഗതം പൂർണമായും സ്തംഭിച്ചു. നാലു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. നീണ്ട ആറര മണിക്കൂർ അക്ഷീണ പരിശ്രമത്തിന് ശേഷമാണ് തീയണച്ചത്. ഏകദേശം രണ്ടരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.