jerom

കൊല്ലം: കത്തുന്ന വേനലും പ്രായവും ഒന്നും ജെറോമിന് തടസമായില്ല... തിരഞ്ഞെടുപ്പ് ആവേശം മനസിൽ നിറഞ്ഞതോടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിക്കൊപ്പം മണിക്കൂറുകളോളം സൈക്കിൾ ചവിട്ടി പ്രചാരണത്തിൽ ഒപ്പം കൂടി.

കഴിഞ്ഞ 11ന് കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ആശ്രാമം -കടപ്പാക്കട മേഖലയിൽ നടത്തിയ സ്വീകരണ പരിപാടിയിലാണ് ഉളിയക്കോവിൽ ജെറോം ഭവനിൽ ജെറോം ഗ്രിഗറി സൈക്കിളിൽ ഒപ്പം ചേർന്നത്. അകമ്പടി ഉണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾക്കൊപ്പം സൈക്കിളിൽ എല്ലായിടത്തും 'പറന്നെത്തി'. രാവിലെ 10.45 ഓടെ എസ്.വി ടാക്കീസിൽ നിന്നാണ് അലങ്കരിച്ച സൈക്കിളുമായി യാത്ര തുടങ്ങിയത്. പുള്ളിക്കട വരെ ഒപ്പം തന്നെയുണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയുടെ വാഹനത്തിന് മുന്നിൽ തന്നെ സ്ഥാനം ഉറപ്പിച്ചു. വെയിലിൽ നിന്ന് രക്ഷ നേടാൻ പാർട്ടി കളറിൽ നിർമ്മിച്ച തൊപ്പി ധരിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും ഉത്സാഹത്തോടെയാണ് അടുത്ത സ്ഥലത്തേക്ക് പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു പ്രവർത്തനങ്ങളിലും ജെറോം സജീവമാണ്.

എന്നും പ്രിയപ്പെട്ട സൈക്കിൾ

വയസ് അറുപത്തിയഞ്ച് പിന്നിട്ടെങ്കിലും ജെറോമിന് സൈക്കിൾ യാത്രയോടാണ് എന്നും പ്രിയം. ചെറുപ്പത്തിലേ കൂടെ കൂടിയതാണ്. ഏത് പ്രദേശത്തേക്കും എളുപ്പം കടന്നുചെല്ലാമെന്നതും യാത്രയ്ക്കൊപ്പം വ്യായാമവും കണക്കിലെടുത്താണ് സൈക്കിൾ യാത്ര തിരഞ്ഞെടുത്തത്. പ്ലബിംഗും മത്സ്യബന്ധനവുമാണ് ജീവിതമാഗം. നിലവിൽ പാർട്ടിയുടെ ഉളിയക്കോവിൽ ബൂത്ത് പ്രസിഡന്റാണ്. ഭാര്യ:സ്റ്രെല്ല.

തിരഞ്ഞെടുപ്പ് അടുക്കും തോറും പറഞ്ഞറിയിക്കാൻ കഴിയാത്ത ആവേശമാണ്. സൈക്കിൾ യാത്രയാണ് ചെറുപ്പം മുതൽ ഇഷ്ടം.

ജെറോം ഗ്രിഗറി