കൊല്ലം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങളെല്ലാം ഓൺലൈനായി അതിവേഗം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന കെ. സ്മാർട്ട് പോർട്ടൽ മാസം മൂന്നര പിന്നിട്ടിട്ടും സ്മാർട്ടായില്ല. കെട്ടിട നിർമ്മാണ പെർമിറ്റ്, ലൈസൻസ്, ജനന, മരണ, വിവാഹ രജിസ്ട്രേഷനുകളിലെ തിരുത്ത് എന്നിവയ്ക്കായി സമർപ്പിക്കുന്ന അപേക്ഷകൾ വഴി തെറ്റി സഞ്ചരിച്ച് ജനങ്ങൾക്ക് ഇരട്ടി ദുരിതമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ കെ. സ്മാർട്ട് നടപ്പാക്കിയ നഗരസഭകളിൽ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ തർക്കങ്ങളും പതിവാണ്.
അപേക്ഷ വഴിമാറി പോകുന്നതിനാൽ അപേക്ഷ ഇപ്പോൾ എവിടെയാണെന്ന് അപേക്ഷകന് കണ്ടെത്താനാകില്ല. ജീവനക്കാർക്ക് അപേക്ഷയുടെ നമ്പർ ഉപയോഗിച്ച് ഫയൽ കണ്ടെത്താമെങ്കിലും വഴിതിരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറാൻ കെ. സ്മാർട്ടിൽ സംവിധാനവുമില്ല.
സേവനങ്ങൾ ഓൺലൈനിൽ വഴിതെറ്റി
1. പി.എം.എ.വൈ പദ്ധതിയിൽ വീടുകളുടെ നിർമ്മാണ പെർമിറ്റിന് നേരത്തെ പേപ്പർ രൂപത്തിലാണ് അപേക്ഷ നൽകിയിരുന്നത്. അസി. എൻജിനിയറുടെ ഒപ്പോടെയുള്ള അനുമതിപത്രമാണ് ഇതിന് ലഭിച്ചിരുന്നത്. എന്നാൽ കെ സ്മാർട്ടിൽ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷ സമർപ്പിച്ചുവെന്നുള്ള അക്നോളഡ്ജ്മെന്റ് റസീപ്ട് മാത്രമാണ് ലഭിക്കുന്നത്. ഇതുമായി ചെല്ലുമ്പോൾ ബാങ്കുകൾ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചതിന്റെ രേഖകളില്ലെന്ന് പറഞ്ഞ് പണം അനുവദിക്കുന്നതിന് തടസം ഉന്നയിക്കുകയാണ്.
2. കെട്ടിട നിർമ്മാണ പെർമിറ്റിനുള്ള അപേക്ഷ ആദ്യഘട്ട പരിശോധനയ്ക്ക് കെ സ്മാർട്ട് ബന്ധപ്പെട്ട പ്രദേശത്തെ ഓവർസിയർക്കാണ് കൈമാറുന്നത്. ഓവർസിയർ അപേക്ഷ പരിശോധിച്ച് പ്രദേശത്തെ അസി. എൻജിനിയർക്കാണ് കൈമാറേണ്ടത്. എന്നാൽ മറ്റേതെങ്കിലും അസി. എൻജിനിയർക്കാണ് പതിവായി പോകുന്നത്. അതുകൊണ്ട് കെട്ടിട നിർമ്മാണ പെർമിറ്റ് കിട്ടാൻ കാലതാമസം നേരിടുകയാണ്. പലപ്പോഴും രണ്ടും മൂന്നും തവണ അപേക്ഷിക്കേണ്ടി വരുന്നുണ്ട്.
3. ജനന, മരണ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിലെ തിരുത്തലിനായി അപേക്ഷിക്കുമ്പോൾ പോർട്ടലിൽ വാർഡ് ചോദിക്കുന്നില്ല. അപേക്ഷ സമർപ്പിച്ചുകഴിയുമ്പോൾ പരിശോധനയ്ക്കായി ഏതെങ്കിലും ഡിവിഷനിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് പോവുകയാണ്. അവർ പിന്നീട് വിലാസം പരിശോധിച്ച് ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറേണ്ട അവസ്ഥയാണ്.
4. ലൈസൻസ് റദ്ദാക്കൽ, വാണിജ്യ കെട്ടിടങ്ങളുടെ ബൈഫർക്കേഷൻ, കെട്ടിടങ്ങളുടെ ഉദ്ദേശത്തിൽ മാറ്രം വരുത്തൽ എന്നിവയ്ക്കുള്ള സംവിധാനവും ഇതുവരെ പോർട്ടലിൽ വന്നിട്ടില്ല.