കൊല്ലം: മീനമ്പലത്ത് ആടുവസന്ത സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നടത്തിവരുന്ന പ്രതിരോധന കുത്തിവയ്പ്പ് രണ്ടാഴ്ച കൂടി നീളും. ഇതുവരെ 464 ആടുകൾക്ക് കുത്തിവയ്പ്പ് നൽകി.
മീനമ്പലം, കരുമ്പാലൂർ, കുളത്തൂർ, പാമ്പുറം, ഏഴിപ്പുറം, പാരിപ്പള്ളി, ചാവർകോട്, പുതിയപാലം, ചിറക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ 11 മുതൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിത്തുടങ്ങിയത്. പ്രദേശത്തെ ആടുകൾ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഒന്നിനാണ് മീനമ്പലം കുന്നുംപുറത്ത് ദിലീപിന്റെ ഫാമിലെ 39 ആടുകൾക്ക് ആട് വസന്ത സ്ഥിരീകരിച്ചത്. കുട്ടികളടക്കം 24 ആടുകൾ ചത്തു. ഇവയെ ആഴത്തിൽ കുഴിയെടുത്ത് കുമ്മായമിട്ട് മൂടി. രോഗം മൂർച്ഛിച്ചവയെ മാറ്റി ആന്റി ബയോട്ടിക്കുകളും ജീവകങ്ങളും ടോണിക്കുകളും നൽകി. പതിനഞ്ച് ആടുകൾ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസറുടെ നിർദ്ദേശ പ്രകാരം കൊല്ലത്തുനിന്ന് സംക്രമിക രോഗ നിയന്ത്രണ വിഭാഗത്തിലെ ഡോക്ടർമാരായ ആർ.ഗീതാ റാണി, ആര്യ സുലോചനൻ, ഡോ. ആർ.ബിന്ദു, ഡോ. യാസിൻ എന്നിവരെത്തി സാമ്പിളുകൾ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പാലോടുള്ള മുഖ്യരോഗ ഗവേഷണ കേന്ദ്രത്തിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരായ ഡോ. രാജേഷ്, ഡോ. അജിത് കുമാർ എന്നിവരെത്തി ആടുകളെ പരിശോധിക്കുകയും പ്രതിരോധ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. പുതുതായി ആടുകളെ ഫാമിലേക്ക് എത്തിക്കുന്നത് നിരോധിച്ചു. ആടുകളുടെ കൈമാറ്റത്തിലൂടെയാകാം രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. പുതുതായി ആടുകളെ കൊണ്ടുവരുമ്പോൾ കോറന്റൈൻ ഉൾപ്പെടെ പാലിക്കണം.
എന്താണ് ആട് വസന്ത
പി.പി.ആർ എന്നറിയപ്പെടുന്ന മാരക വൈറസ് രോഗമാണ് ആട് വസന്ത
വായ്പുണ്ണ്, മൂക്കിലൂടെ ശ്രവം, ചുമ, വയറിളക്കം എന്നിവയാണ് തുടക്കം
ന്യൂമോണിയ ബാധിക്കുന്നതോടെ ഒരാഴ്ചക്കുള്ളിൽ ആട് ചാകും
ഒരാടിന് രോഗം വന്നാൽ മുഴുവൻ ആടുകളെയും ബാധിക്കാം
അടുത്ത് ഇടപഴകുന്നവരുമായുള്ള ബന്ധവും ചെരിപ്പുകളിലൂടെയും രോഗം പകരും
പി.പി.ആർ വാക്സിനാണ് ആട് വസന്തയ്ക്കെതിരെ നൽകുന്നത്
ഇതുവരെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണ്.പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
-ഡോ. ഡി.ഷൈൻകുമാർ ,ചീഫ് വെറ്ററിനറി ഓഫീസർ