കഴുതുരുട്ടി: ചക്ക സീസണായതോടെ ആനചാടി പാലത്തിന് സമീപത്തും വെഞ്ച്വർ റോഡ് ദേശീയ പാതയുമായി സംഗമിക്കുന്ന പ്രദേശത്തിന് ഏകദേശം 200 മീറ്റർ അകലെയും കാട്ടാനകൾ വീട്ടുപുരയിടങ്ങളിൽ കയറി പ്ലാവുകൾ മറിച്ചിടുന്നത് പതിവാകുന്നു. ആനകൾ ഒറ്റതിരിഞ്ഞും കൂട്ടമായുമാണ് ചക്ക തേടി എത്തുന്നത്. പ്ലാവുകൾ കുത്തി മറിച്ചിട്ട് ചക്കകൾ ചവിട്ടി പിളർന്നാണ് ഉള്ളിലാക്കുന്നത്. സമീപത്തെ ചില കവുങ്ങുകളും തൈതെങ്ങുകളും സമാന നിലയിൽ തള്ളി മറിച്ചിട്ട് ഓലയും കരിക്കും ഭക്ഷണമാക്കുന്നതും പതിവാണ്.
ഒറ്റയാനും അഞ്ചും ആറും ആനകളുടെ കൂട്ടവും എത്താറുണ്ട്. സഹോദരങ്ങളായ സുഗതന്റെയും അനിൽകുമാറിന്റെയുെ വീട്ടു പുരയിടങ്ങളിൽ കഴിഞ്ഞ ദിവസം രണ്ട് തവണയാണ് ആന ശല്ല്യമുണ്ടായത്. രാത്രി 7.30ന് എത്തിയ ഒറ്റയാൻ പടക്കം പൊട്ടിച്ചതിനെ തുടർന്ന് പിൻമാറിയെങ്കിലും രാത്രി 12.30 ഓടെ നായ്‌ക്കളുടെ നിറുത്താതെയുള്ള കുര കേട്ടു വീട്ടുകാർ ഉണർന്നപ്പോൾ അതേ ഒറ്റയാനെ വീണ്ടും കണ്ടു.
വാഹന സാന്ദ്രതയേറിയ ഈ പ്രദേശത്ത് വളവുകളും മറവും കൂടുതലായതിനാൽ വാഹന യാത്രികർ അപ്രതീക്ഷിതമായി ആനക്കൂട്ടത്തിന്റെ കണ്ണിൽപ്പെടുന്നത് അപകട സാധ്യത സൃഷ്‌ടിക്കുകയാണ്. വനപാലകരെ അറിയിക്കുമ്പോൾ എത്തുന്നുണ്ടെങ്കിലും ഫലപ്രദമായ ഇടപെടലുകൾ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. ആര്യങ്കാവിൽ കല്ലടയാറിന്റെ ഭാഗത്തും വെഞ്ച്വർ തോടിന് സമീപവും വെള്ളം കുടിക്കാനുള്ള സൗകര്യമാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നത്.