കൊല്ലം: ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണം 29 മുതൽ മേയ് 9വരെ പന്മന ആശ്രമത്തിൽ നടക്കും. 29ന് രാവിലെ 6ന് മരുത്വാമലയിൽ നിന്ന് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ നയിക്കുന്ന മഹാഗുരുജ്യോതി പ്രയാണം 30ന് രാവിലെ 6ന് അഭേദാശ്രമത്തിൽ നിന്ന് ചട്ടമ്പിസ്വാമിയുടെ പ്രതിമയും ജ്യോതിയും വഹിച്ച് കണ്ണൻകുളങ്ങര ശ്രീഭഗവതി ക്ഷേത്രം വഴി ഘോഷയാത്രയായി പന്മന ആശ്രമത്തിലെത്തും. സ്വാമി നിത്യസ്വരൂപാനന്ദ ജ്യോതി ഏറ്റുവാങ്ങി പന്മന ആശ്രമത്തിലെ കെടാവിളക്കിലേക്ക് പകരും.

മേയ് 1ന് രാവിലെ 10.30ന് നടക്കുന്ന മഹാസമാധി ശതാബ്ദി ആചരണസഭ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സ്വാമി കൃഷ്ണമയാനന്ദതീർത്ഥപാദർ അദ്ധ്യക്ഷനാകും.

2ന് രാവിലെ 10.30ന് 'മഹാഗുരുകേരളം' വിചാരസഭ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. 3ന് രാവിലെ 10.30ന് ആത്മീയസഭ 'മഹാഗുരുസാരം' കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സ്വാമി നിഗമാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. പാലക്കാട് അയ്യപ്പ സേവാശ്രമം മഠാധിപതി സ്വാമി പ്രഭാകരാനന്ദ സരസ്വതി വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് 1 മുതൽ കലാപരിപാടികൾ.

4ന് രാവിലെ 10.30ന് വിചിന്തനസഭ 'മഹാഗുരുവേദം' ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. 5ന് രാവിലെ 8ന് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് ഗാനാർച്ചന. രാവിലെ 10.30 ന് കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണം 'മഹാഗുരുജ്വാല' പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. ഡോ.ശശിതരൂർ മുഖ്യപ്രഭാഷണം നടത്തും.

6ന് രാവിലെ 10.30ന് മനുഷ്യാവകാശസഭയായ 'മഹാഗുരുസൗഹൃദം' മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. കെ.സി.രാജൻ അദ്ധ്യക്ഷനാകും. വൈകിട്ട് 3 ന് സാഹിത്യസഭ കവി പ്രൊഫ.ബി.മധുസൂദനൻനായർ ഉദ്ഘാടനം ചെയ്യും. സ്വാമി നിത്യസ്വരൂപാനന്ദ അദ്ധ്യക്ഷനാകും.

7ന് രാവിലെ 10.30ന് ഏകവത്സര പുരാണപാരായണ യജ്ഞത്തിന്റെ സമാപന സഭ 'മഹാഗുരുപർവ്വം' അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി ഉദ്ഘാടനം ചെയ്യും. അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷനാകും.

ചട്ടമ്പിസ്വാമിയുടെ സമാധി ശതാബ്ദി വാർഷിക ദിനമായ 8ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ഏകാദശദ്രവ്യരുദ്രാഭിഷേകം, മഹാമൃത്യുഞ്ജയ ഹോമം, സർപ്പപൂജ. 9ന് ഭദ്രദീപ പ്രോജ്വലനം സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ നിർവഹിക്കും.
രാവിലെ 10.30 ന് മഹാസമാധി ശതാബ്ദിസഭ മുംബയ് ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷനാകും. സ്വാമി ചിദാനന്ദപുരി സമാധി ശതാബ്ദി സന്ദേശം നൽകും. സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി ഡോ.ധർമ്മാനന്ദൻ, കുമ്മനം രാജശേഖരൻ, ഡോ. എ.എം.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ മഹാഗുരു ഭവ്യസ്മൃതി അർപ്പിക്കും. ഉച്ചയ്ക്ക് 2.30ന് മഹാസമാധി ദിവ്യജ്യോതി രാനയനം. 9 ന് രാവിലെ 7ന് ഏകാഹനാരായണീയ പാരായണയജ്ഞം. വൈകിട്ട് 5ന് ഭക്തിഗാനസുധ, രാത്രി 7ന് നൃത്താഞ്ജലി.

സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ്‌കുമാർ, ശതാബ്ദി കോ ഓഡിനേറ്റർ ജി.ബാലചന്ദ്രൻ, അരുൺ ബാബു, അരുൺ രാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.