
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള വിവരങ്ങൾ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാർ. ചേംബറിൽ നടന്ന ചടങ്ങിൽ വരണാധികാരിയായ ജില്ലാ കളക്ടർ എൻ.ദേവിദാസ്, എ.ഡി.എം സി.എസ്.അനിലിന് കൈമാറി പ്രകാശനം നിർവഹിച്ചു.
വോട്ടർ റെജിസ്ട്രേഷൻ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനുകൾ വരെ നീളുന്ന വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി - മുതിർന്ന വോട്ടർമാർക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. തിരഞ്ഞടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്സൈറ്റിലേക്കുള്ള ക്യു.ആർ കോഡും ഹെൽപ്പ്ലൈൻ നമ്പരുമൊക്കെയാണ് അവസാനതാളിൽ.
ഡെപ്യൂട്ടി കളക്ടർമാരായ ജേക്കബ് സഞ്ജയ് ജോൺ, കെ.പി.ദീപ്തി, ജിയോ.ടി.മനോജ്, ഷീജ ബീഗം, ഫിനാൻസ് ഓഫീസർ ജി.ആർ.ശ്രീജ എന്നിവരും പങ്കെടുത്തു.