കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ സ്ഥിതിഗതികൾ പഴയനിലയിൽ. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് പൂർണമായും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ പനവേലി മഞ്ചാടിപ്പണ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഒരു പകലും രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ നീണ്ടു. ഡ്രൈവർക്ക് പരിക്കേറ്റതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. ഗ്യാസ് ലീക്കുണ്ടായിട്ടും ജീവൻ പണയപ്പെടുത്തി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇവിടെ നിലയുറപ്പിച്ചിരുന്നു. ഗ്യാസ് ചോർച്ച മാറ്റി ടാങ്കർ ഉയർത്തി, റോഡിൽ ഒഴുകിപ്പരന്ന ഡീസൽ ഫയർഫോഴ്സ് കഴുകി മാറ്റി. എല്ലാതരത്തിലുമുള്ള സുരക്ഷ വിലയിരുത്തിയശേഷമാണ് പന്ത്രണ്ടോടെ എം.സി റോഡ് പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുത്തത്. അപകടം നടന്ന സ്ഥലത്ത് പ്രദേശവാസികളെയടക്കം പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നലെ രാവിലെ മുതൽ അപകടം നടന്ന സ്ഥലം കാണാൻ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. വൈദ്യുതി ബന്ധമുൾപ്പെടെ പുനഃസ്ഥാപിച്ച് എല്ലാം സാധാരണ നിലയിലായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.