
കൊട്ടാരക്കര: വിഷുത്തലേന്ന് കൃഷ്ണ വിഗ്രഹങ്ങൾക്ക് വൻ ഡിമാൻഡ്. ആഴ്ചകൾക്ക് മുമ്പ്തന്നെ അന്യസംസ്ഥാനക്കാർ വഴിയോരങ്ങളിൽ കൃഷ്ണ വിഗ്രഹങ്ങൾ വില്പനക്ക് നിരത്തിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ മുതലാണ് വില്പന പൊടിപൊടിച്ചത്. വിപണിയിൽ കണിക്കൊന്നപ്പൂവിനും വലിയ വില ഈടാക്കി. ലഭ്യത കുറഞ്ഞതിനാൽ പ്ളാസ്റ്റിക് പൂക്കളും വാങ്ങിയവരുണ്ട്. പൂക്കളും പഴവർഗങ്ങളും കാർഷിക ഉത്പന്നങ്ങളും കത്തിച്ച നിലവിളക്കുമൊക്കെയുണ്ടെങ്കിലും കൃഷ്ണ വിഗ്രഹം കൂടിയുണ്ടെങ്കിലേ കണിയൊരുക്കൽ പൂർണമാകുള്ളൂ. ആവശ്യക്കാർ ഏറിയതോടെ വിലയും കൂടി. വഴിയോരങ്ങളിൽ ദിവസങ്ങൾക്ക് മുമ്പ് 150 മുതൽ 300 രൂപയ്ക്ക് വരെ വിറ്റിരുന്ന വിഗ്രഹങ്ങൾക്ക്, കഴിഞ്ഞ ദിവസം 400 മുതൽ 1000 രൂപവരെയായി. കടകളിൽ വില ഇതിലും കൂടി. പേപ്പർ പൾപ്പ്, ഫൈബർ, പ്ളാസ്റ്റർ ഒഫ് പാരീസ് തുടങ്ങിയവയിൽ നിർമ്മിച്ച വിഗ്രഹങ്ങളാണ് വിപണിയിൽ നിറഞ്ഞത്. തീരെ ചെറുതും ഒരാൾ പൊക്കത്തിലുള്ളതുമായ വിവിധ തരം കൃഷ്ണ വിഗ്രങ്ങൾ ലഭ്യമാണ്. നിർമ്മാണ സാമഗ്രികൾക്കും പെയിന്റിനും വില കൂടിയതിനാലാണ് കൃഷ്ണ വിഗ്രഹങ്ങൾക്കും വില കൂടിയെന്നാണ് വ്യാപാരികൾ പറയുന്നതെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോഴാണ് ഡിമാന്റായത്.