കൊല്ലം: ലോക് സഭ തിരഞ്ഞെടുപ്പിന് എട്ട് ദിവസം ബാക്കി നിൽക്കെ കളക്ടറേറ്റിലെ മൂന്നാം നിലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിൽ തിരക്കോട് തിരക്ക്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുന്നേ തിരഞ്ഞെടുപ്പ് ഓഫീസിൽ പ്രവത്തനങ്ങൾ ആരംഭിച്ചിരുന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രവർത്തനം രാത്രിയിലേക്കും നീണ്ടു. ഫോൺ കോളുകളും മെയിലുകളും ചർച്ചകളുമൊക്കെയായി ആകെ ബഹളം. ഇരുപത് പേരടങ്ങുന്ന സംഘമാണ് ഓഫീസിലുള്ളത്. തിരഞ്ഞെടുപ്പിന് അടുത്തതോടെ ഉദ്യോഗസ്ഥർക്ക് നിന്ന് തിരിയാൻ സമയമില്ലാത്ത അവസ്ഥയാണ്.
പോളിംഗ് ബൂത്ത് തിരഞ്ഞെടുക്കൽ, ഇ.വി.എം മെഷിനുകൾ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ) തയ്യാറാക്കൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, ബി.എൽ.എമാരെ നിയമിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, വോട്ടർപട്ടികയിൽ നിന്ന് മരിച്ചുപോയവരുടെയും താമസം മാറിയവരുടെയും വിവരങ്ങൾ ഒഴിവാക്കൽ എന്നിവ പൂർത്തിയായി. ഇ.വി.എമ്മുകളുടെ പരിശോധനയ്ക്ക് ശേഷം വിതരണകേന്ദ്രങ്ങളിലേക്ക് നൽകിത്തുടങ്ങി.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജോണിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഓഫീസിൽ ജൂനിയർ സൂപ്രണ്ട് കെ.സുരേഷ്, ജില്ലാ തിരഞ്ഞെടുപ്പ് അസിസ്റ്റന്റുമാരായ ജെ.ഷിഹാബുദ്ദീൻ, എ.ആനന്ദ്, ഹെഡ് ക്ലാർക്ക് ആർ.ബി.ഷൈൻ ഉൾപ്പെടെ ഇരുപത് ജീവനക്കാരാണ് ഓഫീസിലുള്ളത്. വിവിധ വകുപ്പുകളിൽ നിന്ന് നിരവധി ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്.
വിശ്രമമില്ലാതെ ഉദ്യോഗസ്ഥർ
മുന്നണികളുടെ പ്രചാരണം, പ്രചാരണ ചെലവ് നിരീക്ഷണം, നിത്യേനയുള്ള അവലോകന റിപ്പോർട്ടുകൾ അയക്കുക തുടങ്ങിയ ജോലികളാണ് നിലവിൽ നടക്കുന്നത്
ഉദ്യോഗസ്ഥർ മുന്നണി പ്രവർത്തകരുമായി അടുപ്പം സ്ഥാപിക്കരുതെന്ന് കർശന നിർദ്ദേശം
വിവിധ സ്ഥലങ്ങളിലേക്ക് പോളിംഗ് ഉദ്യോഗസ്ഥരെ ഓർഡർ ആപ്പ് വഴി നിയമിക്കുന്ന ജോലികൾ അവസാന ഘട്ടത്തിൽ
സ്ഥാനാർത്ഥികളുടെ ചെലവ് വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ്
രാവിലെ ഡ്യൂട്ടിക്ക് കയറുന്ന പലരും രാത്രി വൈകിയാണ് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നത്
ജില്ലയിൽ പോളിംഗ് ബൂത്തുകൾ - 1951
തിരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ബാക്കിനിൽക്കെ വോട്ടെടുപ്പ് മികച്ച രീതിയിൽ നടത്താനുള്ള കഠിന പ്രയത്നത്തിലാണ് തിരഞ്ഞെടുപ്പ് വിഭാഗം.
തിരഞ്ഞെടുപ്പ് ഓഫീസ് അധികൃതർ