പുന്നല: മ്ലാവിനെ വേട്ടയാടി കറിവെച്ച കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. കറവൂർ സന്യാസി മഠം കോളനിയിൽ പുള്ള് സുരേഷ് എന്ന സുരേഷ്(42) ഇന്നലെയാണ് അഭിഭാഷകൻ മുഖേന പുനലൂർ ഫോറസ്‌റ്റ് കോടതയിൽ കീഴടങ്ങിയത്. റിമാൻഡ് ചെയ്‌ത പ്രതിയെ കസ്‌‌റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി വനപാലകർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പത്തനാപുരം റേഞ്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുന്നല സ്‌റ്റേഷൻ അധികൃതർ നേരത്തെ രണ്ട് പ്രതികളെ പിടികൂടി റിമാൻഡ് ചെയ്‌തിരുന്നു. ഇതോടെ ഒന്നാം പ്രതിയായ സുരേഷ് ഒളിവിൽ പോകുകയായിരുന്നു. ആയിരവല്ലിപ്പാറ ഭാഗത്ത് നിന്ന് മ്ലാവിനെ പിടികൂടി കഷ്‌ണങ്ങളാക്കി വീട്ടിൽ കൊണ്ടു വന്നു പാചകം ചെയ്‌തു ഭക്ഷിക്കുന്നതിനിടയിലായിരുന്നു അറസ്‌റ്റ് . വന്യജീവി സംരക്ഷണ നിയമ പ്രകാരം നേരത്തെ ഒരു കേസിൽ പ്രതിയായ സുരേഷ് അബ്‌കാരി കേസിലും പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പുന്നല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ഗിരി പറഞ്ഞു.