amirtha-

കൊല്ലം: വള്ളിക്കാവിലെ മാതാഅമൃതാനന്ദമയി മഠത്തിൽ വിഷുത്തൈനീട്ടം പദ്ധതി സംഘടിപ്പിച്ചു. വിഷുദിനത്തിൽ വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് മാതാ അമൃതാനന്ദമയി മഠം വൃക്ഷത്തൈകൾ വിഷുത്തൈനീട്ടം എന്ന പേരിൽ വിതരണം ചെയ്തത്. 'അടുക്കളയ്‌ക്കൊരു ചെറുതോട്ടം, അരികിലൊരു മഴക്കുഴി' എന്ന സന്ദേശവുമായാണ് ഈ വർഷത്തെ വിഷുത്തൈനീട്ടം പരിപാടി സംഘടിപ്പിച്ചത്.

പ്രകൃതിയും വ്യക്തിയും ഈശ്വരനുമായി പരസ്പരം ബന്ധപ്പെട്ടതാണ് നമ്മുടെ ആഘോഷങ്ങളെന്നും ഈ മൂന്ന് ഘടകങ്ങളെയും ഐക്യത്തോടെ കൊണ്ടുപോകാനായാൽ സമൂഹത്തിൽ ശാന്തിയും സന്തോഷവും സമൃദ്ധിയും നിറയുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

നിരവധി രാജ്യങ്ങളിൽ വിഷുത്തൈനീട്ടം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നുണ്ട്. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾക്കും അയുദ്ധ് അംഗങ്ങൾക്കും മാതാ അമൃതാനന്ദമയി വൃക്ഷത്തൈകൾ സമ്മാനിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ടി.പി.വിജയൻ, ഇന്ത്യ റീജിയൺ അദ്ധ്യക്ഷൻ ഡോ. ഡൊമിനിക് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.