കൊല്ലം: ചിന്നക്കടയിൽ കടപ്പാക്കട ഭാഗത്തേക്കുള്ള യാത്രികർ ബസ് കാത്തുനിൽക്കുന്ന സ്‌റ്റോപ്പിലെ ഇരിപ്പിടങ്ങൾ തകർന്ന് ആഴ്ചകളായിട്ടും നടപടിയില്ല. ഇരിപ്പടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.
ദിവസം നൂറുകണക്കിന് യാത്രക്കാരാണ് രാവിലെയും വൈകിട്ടും സ്‌റ്റോപ്പിലെത്തുന്നത്. നിലവിൽ മഴയത്തും വെയിലത്തും ബസ് സ്‌റ്റോപ്പിന് പുറത്ത് നിൽക്കേണ്ട സ്ഥിതിയാണ്. കനത്ത വെയിലിൽ ക്ഷീണിച്ചെത്തുന്ന പ്രായമായ സ്ത്രീകളുൾപ്പെടെയുള്ളവർ വല്ലാതെ വലയുകയാണ്. കോർപ്പറേഷന്റെ കീഴിലുള്ളതാണ് ബസ് സ്‌റ്റോപ്പ്. പുകയില ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങളും മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളുമുൾപ്പെടെ കൂടിക്കിടന്ന് വൃത്തിഹീനമായ നിലയിലാണ് സ്റ്റോപ്പ്. രാത്രിയായാൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാകും.
പൊളിഞ്ഞു വീണ ഇരിപ്പിടത്തിനടിയിൽ ഫ്‌ളക്‌സുകൾ ഉൾപ്പെടെയുള്ള ആക്രിസാധനങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. സ്‌റ്റോപ്പിലെ ബാക്കിയുള്ള സീറ്റുകളും തുരുമ്പെടുത്ത് ഏത് സമയവും ഇളകി വീഴാവുന്ന നിലയിലാണ്. മഴക്കാലത്ത് എല്ലാവർക്കും കൂടി കയറി നിൽക്കാനാകാത്ത അവസ്ഥയുമുണ്ട്. തകർന്ന ഇരിപ്പിടങ്ങളിൽ തട്ടി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.
ഇരിപ്പിടങ്ങൾ വൃത്തിയാക്കണം
രാത്രി ഏഴു കഴിഞ്ഞാൽ ബസുകൾ ചിന്നക്കട റെസ്റ്റ് ഹൗസിന് സമീപത്ത് കൂടിയാണ് കടപ്പാക്കടയ്ക്കു പോകുന്നത്. ഇതിനാൽ യാത്രക്കാർ റെസ്റ്റ് ഹൗസിന് സമീപത്തേക്ക് മാറും. ഈ സമയമാണ് സാമൂഹിക വിരുദ്ധർ ബസ് സ്‌റ്റോപ്പ് കൈക്കലാക്കുന്നത്. എത്രയും വേഗം ബസ് സ്‌റ്റോപ്പിലെ ഇരിപ്പിടങ്ങൾ വൃത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.