
അഞ്ചൽ: കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് അഞ്ചൽ ശബരിഗിരി ഗ്രൂപ്പ് നിർമ്മിച്ച് നൽകിയ ഗോപുരം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നാടിന് സമർപ്പിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ അഭ്യർത്ഥന മാനിച്ച് സന്മനസുകാട്ടിയ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.
മുൻ മന്ത്രി കെ.രാജു അദ്ധ്യക്ഷനായി. ഡോ. വി.കെ.ജയകുമാർ ആമുഖ പ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് അംഗം കെ.സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽ കുമാർ, ക്ഷേത്രം തന്ത്രി മാധവര് ശംഭുപോറ്റി, വാർഡ് അംഗം പി.ജയകൃഷ്ണൻ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.വിജീഷ്, സബ് ഗ്രൂപ്പ് ഓഫീസർ സി.എസ്.പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. കവി അനീഷ് കെ.അയിലറ, ശബരിഗിരി ഗ്രൂപ്പ് ഡയറക്ടർമാരായ സുല ജയകുമാർ, ഡോ. ശബരീഷ്, അരുൺ ദിവാകർ തുടങ്ങിയവർ പങ്കെടുത്തു. ആർക്കിടെക്ട് രവീന്ദ്രൻ നായരെയും ചടങ്ങിൽ ആദരിച്ചു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി സി.കെ.സന്തോഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.മുരളീധരൻ നന്ദിയും പറഞ്ഞു. 52 അടി ഉയരത്തിൽ നിർമ്മിച്ച ഗോപുരത്തിലൂടെ തിടമ്പേറ്റിയ ആനയെ കടത്തിവിട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. മൂന്ന് തട്ടുകളിലായി ക്ഷേത്ര വാസ്തു വിധിപ്രകാരമാണ് ഗോപുരം നിർമ്മിച്ചിട്ടുള്ളത്. 150 വർഷം പഴക്കമുള്ള നിലമ്പൂർ തേക്കാണ് വാതിലിനായി ഉപയോഗിച്ചിരിക്കുന്നത്.