sulfi

കുളത്തൂപ്പുഴ: കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ഒളിവിൽപോയ പ്രതിയെ പിടികൂടി. കുളത്തൂപ്പുഴ ചന്ദനക്കാവ് ലത്തീഫ് മൻസിലിൽ അബ്ദുൽ ലത്തീഫിനെ 2008 ഡിസംബർ 3ന് കുളത്തൂപ്പുഴ ടൗണിൽ വച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സുൽഫിക്കറാണ് (38) കഴിഞ്ഞ നാലുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്നത്.

2019ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയെങ്കിലും കാലാവധി കഴിഞ്ഞതോടെ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം കൊട്ടിയം പൊലീസ് നടത്തിയ പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് പരോളിൽ മുങ്ങിയ പ്രതിയാണെന്ന് വിവരം ലഭിക്കുന്നത്.

കുളത്തൂപ്പുഴ പൊലീസിന് കൈമാറിയ പ്രതിയെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വൈദ്യപരിശോധന നടത്തി. തിരുവനന്തപുരം സെൻട്രൽ ജയിൽ അധികൃതർക്ക് കൈമാറുമെന്ന് കുളത്തൂപ്പുഴ പൊലീസ് പ​റഞ്ഞു.