കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനയൂട്ട് കാണാനെത്തിയത് ആയിരങ്ങൾ. കരിമ്പ്, തണ്ണിമത്തൻ, വെള്ളരിക്ക ഉൾപ്പെടെ നിരവധി വിഭവങ്ങളോടെയായിരുന്നു ആനയൂട്ട്. ഗജരാജൻ തൃക്കടവൂർ ശിവരാജു ഉൾപ്പെടെ 26 ആനകളാണ് ക്ഷേത്രത്തിന് മുന്നിൽ തയ്യാറാക്കിയ പ്രത്യേക പന്തലിൽ അണിനിരന്നത്.
ആനയൂട്ടിനൊപ്പം കൗതുകമായി ആനനീരാട്ട്. മേടച്ചൂടിൽ വലഞ്ഞ കൊമ്പന്മാർക്ക് ക്ഷേത്ര മുറ്റത്ത് ഒരുക്കിയ പ്രത്യേക ഷവർ സംവിധാനത്തിലൂടെയാണ് നീരാട്ട് നടത്തിയത്. ആനനീരാട്ട് കഴിഞ്ഞതിന്റെ ഉന്മേഷത്തോടെ പൂരത്തിനായി കൊമ്പന്മാർ നിരന്നു. തുടർന്ന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും കടവൂർ അഖിലിന്റെയും നേതൃത്വത്തിൽ നടന്ന മേളം പൂരപ്രേമികളുടെ മനം നിറച്ചു.
വൻജനാവലിയാണ് ഇത്തവണയും കൊല്ലം പൂരത്തിനായി ആശ്രാമം മൈതാനത്തേക്ക് എത്തിയത്. ആനഊട്ടിനും ആന നീരാട്ടിനുമായി ഓരോ കൊമ്പന്മാരെത്തുമ്പോഴും കൈയടികളോടെയാണ് ആനപ്രേമികൾ അവരെ സ്വീകരിച്ചത്. വൈകിട്ട് അഞ്ചോടെ ക്ഷേത്രമുറ്റത്തെ പൂരം സമാപിച്ചു. കൊടിയിറക്കിയ ശേഷമാണ് പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റത്തിനായി ആശ്രാമം മൈതാനത്തേക്ക് താമരക്കുളത്തിന്റെയും പുതിയകാവിന്റെയും കൊമ്പന്മാർ അണിനിരന്നത്.