കൊല്ലം: മേടച്ചൂടിൽ ആശ്രാമം മൈതാനത്ത് താമരക്കുളത്തിന്റെയും പുതിയകാവിന്റെയും 22 കൊമ്പന്മാർ അണിനിരന്നപ്പോൾ ആവേശം ആകാശത്തോളം ഉയർന്നു. ചൂടകറ്റാൻ വീശിയിരുന്ന വിശറികൾ മേളപ്പെരുക്കത്തിനൊപ്പം വാനിലേയ്ക്കുയർന്ന് താഴ്ന്നു.

രാത്രി 7.15ന് കൊമ്പന്മാരുടെ ശിരസിൽ താമരക്കുളവും പുതിയകാവും കൊടിമരത്തിന് സമാനമായ കുട ഉയർത്തിയതോടെയാണ് വർണക്കാഴ്ചകൾക്ക് തുടക്കമായത്. കരിവീരന്മാരുടെ നെറ്റിയിൽ വർണക്കുടകളുടെ രൂപങ്ങൾ മിന്നിമറഞ്ഞപ്പോൾ ജനസാഗരവും ആർത്തുവിളിച്ചു. കടവൂർ അഖിലും ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരും മേളപ്പെരുക്കം തീർത്തപ്പോൾ ആശ്രാമം മൈതാനത്തെ ജനാരവവും ഒപ്പം ചേർന്നു. പൂരത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
താമരക്കുളം മഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും തിടമ്പേറ്റിയ ഗജവീരന്മാർ സന്ധ്യയ്ക്ക് ഏഴോടെ മൈതാനത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിൽ മുഖാമുഖം അണിനിരന്ന് പരസ്പരം പ്രണമിച്ചു. ഒന്നരമണിക്കൂർ നീണ്ടുനിന്ന കുടമാറ്റത്തിൽ ഇരുവിഭാഗവും 20 സെറ്റിലധികം കുടകളാണ് മാറിയത്. ഇരുവിഭാഗം കുടകളിലും ശ്രീരാമൻ, എടുപ്പ് കുതിര, വിവിധ നിറത്തിലും വർണത്തിലുമുള്ള എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ അണിനിരത്തി.

24 അടിയുള്ള ഗുളികൻ തെയ്യം ഉയർത്തി താമരക്കുളം വിഭാഗം മികവ് കാട്ടി. എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ചുള്ള കുടകൾ കൂടുതലും പുതിയകാവ് വിഭാഗത്തിനായിരുന്നു. വൈകിട്ട് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുറ്റത്താണ് ആദ്യം കുടമാറ്റം നടന്നത്. ഇരുവിഭാഗത്തും ഏഴ് ആന വീതം അഞ്ച് സെറ്റ് കുടകളാണ് അവിടെ മാറിയത്. രാവിലെ മുതൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 11 ചെറുപൂരങ്ങൾ ക്ഷേത്ത്രിലെത്തിയിരുന്നു. തുടർന്ന് ആന നീരാട്ടും ആനഊട്ടും നടന്നു. വൈകിട്ട് 4.30ന് കൊടിയിറക്ക് ചടങ്ങ് പൂർത്തിയായ ശേഷം തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു പടിവാതിലിൽ നിന്നതോടെയാണ് ക്ഷേത്ര തിരുമുന്നിലെ കുടമാറ്റം ആരംഭിച്ചത്.

കുടമാറ്റത്തിന് ശേഷം ചിന്നക്കട റൗണ്ടിലെത്തി താമരക്കുളം വിഭാഗവും പുതിയകാവും ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ പൂരത്തിന് പരിസമാപ്തിയായത്.