കൊല്ലം: കൊല്ലം പൂരത്തെ നാടിന്റെ പൂരമാക്കാൻ സാധിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടമാറ്റം കാണാനെത്തിയ എല്ലാവരും നാടിന്റെ മതേതര സൗന്ദര്യത്തെ ഹൃദയത്തിൽ വച്ച് സ്‌നേഹിക്കുന്നവരാണ്. ജാതി മത വ്യത്യാസമില്ലാതെ ഒത്തുചേരാൻ പറ്റിയ സാംസ്‌കാരിക തനിമയുള്ള മഹാപാരമ്പര്യമുള്ള സ്ഥലമാണ് കൊല്ലം. ഇത്തവണത്തെ പൂരത്തിന് സർക്കാർ നൽകുന്ന തുക നാല് ലക്ഷമായി വർദ്ധിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടമാറ്റത്തിന് മുന്നോടിയായി മന്ത്രി കെ.എൻ.ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ.പ്രേമചന്ദ്രൻ, എം.മുകേഷ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എ.മാരായ എം.മുകേഷ്, എം.നൗഷാദ്, കളക്ടർ എൻ.ദേവീദാസ്, അഡ്വൈസറി കമ്മിറ്റി കൺവീനർ മംഗലത്ത് കെ.ഹരികുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷ ഹണി, കൗൺസിലർ സജിതാനന്ദ് തുടങ്ങിയവർ സംസാരിച്ചു.