കൊല്ലം: കൊല്ലം പൂരത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയം പറയാതെ സ്ഥാനാർത്ഥികൾ. ഉദ്ഘാടന പ്രസംഗം നടത്തിയ മന്ത്രി കെ.എൻ.ബാലഗോപാലും ഒരക്ഷരം മിണ്ടിയില്ല.

എൻ.കെ പ്രേമചന്ദ്രനെയാണ് സംഘാടകർ ആദ്യം വിളിച്ചത്. രാഷ്ട്രീയം പറയാതെ അദ്ദേഹം പ്രസംഗം രണ്ട് മിനിറ്റിൽ അവസാനിപ്പിച്ചു. തുടർന്നെത്തിയ എം.മുകേഷ് നാല് മിനിറ്റിൽ സംസാരം അവസാനിപ്പിച്ചു. പ്രസംഗം അവസാനിപ്പിക്കും മുമ്പ് എൻ.കെ.പ്രേമചന്ദ്രൻ രാഷ്ട്രീയം പറയുമെന്ന് കരുതിയെന്നും അതിന്റെ കൂട്ടത്തിൽ തനിക്കും കുറച്ച് രാഷ്ട്രീയം പറയുമെന്ന് കരുതിയെന്നും എന്നാൽ തന്ത്രപരമായി ഒഴിഞ്ഞുമാറിയെന്ന് മുകേഷ് പറഞ്ഞതോടെ സദസും പൂരപ്രേമികളും പൊട്ടിച്ചിരിച്ചു.

ഇരുവരുടെയും പ്രസംഗങ്ങൾ നിരീക്ഷിക്കാനും പകർത്താനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘവും വേദിയ്ക്ക് സമീപമുണ്ടായിരുന്നു. സമ്മേളനശേഷം ഇരുസ്ഥാനാർത്ഥികളും ഹസ്തദാനം
നൽകിയാണ് പിരിഞ്ഞത്.