കൊല്ലം: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കൊട്ടിയം ഇ.എസ്.ഐ ജംഗ്ഷനിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഉമയനല്ലൂർ അമരവിള വീട്ടിൽ ഷംസുദീനെയാണ് വാരിയെല്ലിന് പരിക്കോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി 10ഓടെ കൊട്ടിയത്ത് നിന്ന് ഉമയനല്ലൂർ ഭാഗത്തേക്ക് പേകവേയാണ് കുഴിയിലേക്ക് മറിഞ്ഞത്. ഹൈവേ നിർമ്മാണത്തിനായി വലിയ കുഴികൾ എടുക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാതെ റിബൺ കെട്ടിയിരിക്കുന്നതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു ലോറി ഈ ഭാഗത്തു കുഴിയിലേക്ക് വീണിരുന്നു. കഴിഞ്ഞ മാസം മൂന്ന് പേർ കൊട്ടിയത്തും പരിസരത്തുമായി അപകടത്തിൽ മരിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൊട്ടിയം പൗരവേദി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതോറിട്ടി സെക്രട്ടറി കൊട്ടിയം ജംഗ്ഷൻ സന്ദർശിച്ചിരുന്നു.