കഴുതുരുട്ടി: മനുഷ്യ -വന്യജീവി സംഘർഷം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് ജില്ലയുടെ കിഴക്കൻ മേഖലയിൽ അനുകൂല പ്രതികരണം. വികസനം ഏറെ എത്തിയിട്ടില്ലാത്ത കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്‌മലയിൽ പദ്ധതി നാലം ഘട്ടത്തിലാണ്.
പ്രായപൂർത്തിയായ കുട്ടിക്ക് ആളെണ്ണത്തിന് 15 ലക്ഷം രൂപയാണ് പാക്കേജിലുള്ളത്. മൂന്ന് കുട്ടികളും അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തിന് 60 ലക്ഷമാണ് ലഭിക്കുക.ദമ്പതികളെ ഒന്നായി കണക്കാക്കിയാണ് 15 ലക്ഷം നൽകുക. ഭൂമിയുടെ വിസ്‌തൃതിക്കല്ല പണം ലഭിക്കുന്നത്. ഒരു സെന്റിനും ഒരു ഏക്കറിനും ഒരേ മാനദണ്ഡമാണ്. വസ്‌തുവിന്റെ ആധാരമാണ് മുഖ്യം. ആധാർ, റേഷൻകാർഡ് ഉൾപ്പടെയുള്ള അനുബന്ധ രേഖകളും ആവശ്യമാണ്. പ്രായപൂർത്തിയായ കുട്ടികൾക്ക് രക്ഷിതാക്കളുമായുള്ള ആശ്രിതത്വം ഉൾപ്പടെയുള്ള സാക്ഷ്യപത്രം പ്രധാന രേഖയാകുന്നു. പഞ്ചായത്താണ് സർട്ടിഫിക്കറ്രുകൾ നൽകേണ്ടത്. ഭൂമി സംബന്ധിച്ച രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത് റവന്യു വകുപ്പാണ്. ഫീൽഡ് സർവേ നടത്തി സ്ഥിരീകരണം നൽകുന്നത് വനം വകുപ്പും.പ്രായ പൂർത്തിയാകുന്ന കുട്ടികളുടെ വിദ്യാഭ്യാസവും ഭാവി പുനരധിവാസത്തിനുമാണ് പാക്കേജ് ഊന്നൽ നൽകിയിരിക്കുന്നത്.വിവാഹിതരായ മക്കൾക്ക് പദ്ധതി കൊണ്ടു പ്രയോജനം ലഭിക്കില്ല.സ്‌പെഷ്യൽ തഹസിൽദാർ നോഡൽ ഏജൻസിയുടെ സ്വഭാവത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
പാക്കേജ്
പ്രായപൂർത്തിയായ കുട്ടിക്ക്
ആളെണ്ണത്തിന് 15 ലക്ഷം രൂപ
3 കുട്ടികൾ+അച്ഛനും അമ്മയും = 60 ലക്ഷം രൂപ
ദമ്പതികൾക്ക് = 15 ലക്ഷം
പദ്ധതി നാലാം ഘട്ടത്തിൽ
214 കുടുംബങ്ങളുള്ള റോസ് മലയിൽ മൂന്ന് ഘട്ടങ്ങളിലായി 58 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായി.നാലാം ഘട്ടത്തിൽ 32 പേരുടെ അപേക്ഷകൾ ഗുണഭോക്താക്കളെ തിരഞ്ഞടുക്കുന്ന റീജിയണൽ കമ്മിറ്റി മുമ്പാകെയുണ്ട്. എം.എൽ.എ ഉൾപ്പടെ അംഗമായി റീജിയണൽ കമ്മിറ്റി തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം അവസാനിക്കുന്നതോടെ യോഗം ചേർന്നു ഗുണഭോക്താക്കളെ നിശ്ചയിക്കും.
പാക്കേജ് പ്രകാരമുള്ള തുക കൈപ്പറ്റുന്നവർക്ക് വീടുൾപ്പെടെയുള്ള കെട്ടിടം പൊളിച്ചു മാറ്റാം. പണം കൈപ്പറ്റിയ ശേഷവും പൊളിച്ചു മാറ്രാൻ സാവകാശം നൽകും. വൃക്ഷങ്ങളും മുറിച്ചു മാറ്റാം. എന്നാൽ അനുമതി ആവശ്യമുള്ള വൃക്ഷങ്ങൾ വനം വകുപ്പിന്റെ സർട്ടിഫിക്കറ്റ് നേടി മാത്രമെ മുറിക്കാനാകൂ.പണം കൈപ്പറ്റി കഴിഞ്ഞാൽ ഒരു മരവും മുറിക്കാൻ അനുവദിക്കില്ല. പ്രദേശം വനമായി രൂപാന്തരപ്പെടുത്തുകയാണ് സർക്കാർ പദ്ധതി കൊണ്ടു ഉദ്ദ്യേശിക്കുന്നത്.
വനം അധികൃതർ.