
കൊല്ലം: ജന്മനാ ബാധിച്ച സെറിബ്രൽ പാൾസി രോഗത്തിനോട് തോൽക്കാതെ നിശ്ചയദാർഢ്യവും മനക്കരുത്തും കൊണ്ട് മുന്നേറുകയാണ് ഡോ. പി.എസ്.നന്ദ. കുണ്ടറ മുക്കട കച്ചേരിമുക്ക് ശ്രീശൈലത്തിൽ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന ഡി.പ്രസന്നന്റെയും റിട്ട.അദ്ധ്യാപിക സീനയുടെയും മകളായ നന്ദ ( 28 ) പരിമിതികളെ ചിറകുകളാക്കിയാണ് ഹോമിയോ ഡോക്ടറായത്.
ആദ്യ ചാൻസിൽ എൻട്രൻസ് വിജയിച്ചു. 2019ൽ ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കി. കൊവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ചു. ഇതിനിടെ നന്ദയുടെ ഗവേഷണ പ്രബന്ധത്തിന് രാജ്യാന്തര അംഗീകാരവും ലഭിച്ചു. തൈറോയ്ഡ് മൂലം സ്ത്രീകളിലുണ്ടാകുന്ന അമിത രക്തസ്രാവം ഹോമിയോ ചികിത്സയിലൂടെ ഭേദമാക്കാമെന്ന പ്രബന്ധം രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസിലാണ് അവതരിപ്പിച്ചത്. 2021ലെ ഈസ്റ്റേൺ ഭൂമിക ഐക്കണിക് അവാർഡ്, 2023 ലെ സ്ത്രീശക്തി പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങളും നന്ദയെ തേടിയെത്തി. പിന്തുണയുമായി സഹോദരി നമിതയും ഒപ്പമുണ്ട്.
നാലാം വയസിൽ നാല് ശസ്ത്രക്രിയ
കാലുകൾ തളർന്നതിനാൽ നടക്കാനാവില്ലെന്ന് ഡോക്ടർമാർ
നാലാം വയസിൽ നാല് ശസ്ത്രക്രിയകൾ
ആയുർവേദ, അലോപ്പതി ചികിത്സകൾ ഫലം ചെയ്‌തു
അനുജത്തി നമിതയുടെ കൈ പിടിച്ച് സ്കൂളിലേക്ക്
കഥ, കവിത, പ്രസംഗം, പ്രബന്ധം കഴിവ് തെളിയിച്ചു
കരുതലിന്റെ കരങ്ങൾ
18-ാം വയസിൽ സാമൂഹ്യ സേവനത്തിൽ സജീവമായി. നിർദ്ധനരായ വൃക്ക - കാൻസർ രോഗികൾക്കും നിർദ്ധന വിദ്യാർത്ഥികൾക്കും സഹായം നൽകാൻ 'പിങ്ക് ഹാർട്ട് ചാരിറ്റബിൾ ട്രസ്റ്റ് ' സ്ഥാപിച്ചു. സിവിൽ സർവീസ് ആണ് അടുത്ത ലക്ഷ്യം. സിവിൽ സർവീസ് സ്വപ്നം കാണുന്നവരെ സൗജന്യമായി പഠിപ്പിക്കാൻ സിവിൽ സർവീസ് ആസ്പിരന്റ്സ് അസോസിയേഷനും ആരംഭിച്ചു.
പരിമിതികളിൽ തളരാതെ മുന്നേറണം. വീണുപോകാം. എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം.
ഡോ.പി.എസ്.നന്ദ