ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ കണ്ണേറ്റ, ഏറം തെക്ക്, ഉളിയനാട്, ഇടവട്ടം എന്നിവിടങ്ങളിലുള്ള വീടുകളിൽ നിന്ന് വാട്ടർ മീറ്ററുകൾ മോഷണം പോകുന്നു.
കാരംകോട് കെ.എസ് മൻസിലിൽ കെ.എസ്. കബീറിന്റെ കടയിലെ മീറ്ററും കാരംകോട് മുളമൂട്ടിൽ പുത്തൻ വീട്ടിൽ ക്ഷരീഫാ ബീവിയുടെ വീട്ടിലെ മീറ്ററുമാണ് അവസാനമായി മോഷ്ടിക്കപ്പെട്ടത്. ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണം പോയ മീറ്റർ മാറ്റിവയ്ക്കുന്നത് വലിയൊരു 'ചടങ്ങ്' തന്നെയാണ്. ആദ്യം പൊലീസിൽ പരാതി നൽകണം. ഇതിന്റെ രസീത് അപേക്ഷയോടൊപ്പം ജല അതോറിട്ടി ഓഫീസിലേക്ക് ഓൺലൈനായി നൽകണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ, 1000 മുതൽ 1,500 രൂപ വരെയുള്ള മീറ്റർ പൊതു വിപണിയിൽ നിന്ന് വാങ്ങി നൽകി സർവീസ് ചാർജും അടച്ചാൽ മാത്രമേ ജല അതോറിട്ടി മീറ്റർ പുന:സ്ഥാപിക്കുകയുള്ളൂ. മീറ്റർ വാങ്ങാത്തവർക്ക് വെള്ളം നൽകാനാവില്ല എന്നാണ് അധികൃതരുടെ നിലപാട്.
സൗജന്യ കണക്ഷനാണ്നിലവിൽ എല്ലാവർക്കും നൽകിയിരിക്കുന്നത്. മീറ്റർ മോഷണം പോയ വിവരം ജല അതോറിട്ടി അധികൃതരെ അറിയിച്ചപ്പോൾ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ല എന്നായിരുന്നു പ്രതികരണമെന്ന് വീട്ടുകാർ പറയുന്നു. മോഷണം പതിവായിട്ടും ജല അതോറിട്ടിയുടെയോ പൊലീസിന്റെയോ ഭാഗത്ത് നിന്നു യാതൊരു ഇടപെടലും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്.