കൊട്ടാരക്കര: മാവേലിക്കര ലോക് സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കൊട്ടാരക്കരയിലെത്തും. ഉച്ചക്ക് 2ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ അമ്പലക്കര ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ മാവേലിക്കര മണ്ഡലം ഇൻചാർജ്ജ് ഷാജി.ആർ.നായർ അദ്ധ്യക്ഷനാകും. സ്ഥാനാർത്ഥി ബൈജു കലാശാലയും ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി വയയ്ക്കൽ സോമൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി എം.മോനിഷ, രാജേന്ദ്രൻ പിള്ള, അനീഷ് കിഴക്കേക്കര, പ്രിൻസ്, സുജിത്ത് നീലേശ്വരം, അരുൺ കാടാംകുളം എന്നിവർ പങ്കെടുത്തു.

സുരക്ഷാ ക്രമീകരണങ്ങൾ

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊട്ടാരക്കരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തുന്നത് വൻ സുരക്ഷാ സംവിധാനങ്ങളോടെ. പൊലീസും കേന്ദ്ര സേനയും ഇന്നുമുതൽ പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സജ്ജരാകും. നാളെ ഉച്ചക്ക് 12ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിലാണ് പ്രതിരോധ മന്ത്രി എത്തുക. ഇവിടെ നിന്ന് കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് പ്രത്യേകം സജ്ജമാക്കിയ കാറിൽ പുറപ്പെടുക. നേതാക്കളുമായുള്ള യോഗത്തിന് ശേഷം ഉച്ചഭക്ഷണവും കൊട്ടാരക്കരയിലാണ് ക്രമീകരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ അമ്പലക്കര ഗ്രൗണ്ടിൽ പൊതുയോഗം ചേരുക. മാവേലിക്കര മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കാനാണ് പരിശ്രമം. കൊട്ടാരക്കരയിലെ യോഗത്തിന് ശേഷം കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി കേരളപുരത്തെ യോഗം രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. തിരികെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് ഗ്രൗണ്ടിലെത്തി ഹെലികോപ്ടറിൽ മടങ്ങുംവരെയും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പട്ടണത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.