പന്മന: യു.ഡി.എഫിന്റെ ഇലക്ഷൻ ബൂത്ത് ഓഫീസിൽ കയറി പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു. മുല്ലക്കേരി നമ്പ്യാരയ്യത്ത് ബൂത്തിലാണ് കഴിഞ്ഞദിവസം രാത്രി മർദ്ദനം നടന്നത്. മർദ്ദനത്തിൽ പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകൻ പുളിക്കൽ പടീറ്റതിൽ രാധാകൃഷ്ണൻ നായരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി അബ്കാരി കേസിലെ പ്രതി സജി എന്നയാളാണ് മർദ്ദിച്ചതെന്ന് കാട്ടി യു.ഡി.എഫ് ചവറ പൊലീസിന് പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് പ്രകടനവും സമ്മേളനവും നടത്തിയത്. കൊല്ലശ്ശേരി മുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം നമ്പ്യാരയ്യത്ത് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. പത്മരാജൻ നായർ അദ്ധ്യക്ഷനായി.നിഷ സുനീഷ്, പൊന്മന നിഷാന്ത്, അനിൽകുമാർ, സുധാകരൻ, ബഷീർ കുഞ്ഞ്, പ്രഭാ അനിൽ തുടങ്ങിയവർ സംസാരിച്ചു.