
കാരണം അശാസ്ത്രീയ നിർമ്മാണം
കൊല്ലം: കൊല്ലം തോടിന്റെ പാർശ്വഭിത്തി നിർമ്മാണത്തിനിടെ രണ്ട് കടമുറികൾ തകർന്നുവീണു. കല്ലുപാലത്തിന് സമീപം എസ്. രാജൻ നടത്തിയിരുന്ന രാജൻ ഫ്ലവർമാർട്ടാണ് ഇന്നലെ രാവിലെ പത്തോടെ തകർന്നത്. അശാസ്ത്രീയ നിർമ്മാണമാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്ഥലത്ത് പാർശ്വഭിത്തി നിർമ്മാണത്തിനായി മണ്ണെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ രാജന്റെ കടകളുടെ ഭിത്തിയിൽ വിള്ളൽ വീണിരുന്നു. മണ്ണെടുപ്പ് തുടർതോടെ ഷട്ടർ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതോടെ ഒരാഴ്ചയായി കച്ചവടം നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കടയുടെ മേൽക്കൂരയും ഭിത്തികളും തകർന്നു. ഭിത്തികൾ ഏത് നിമിഷവും തകരാവുന്ന അവസ്ഥയിൽ ആയതിനാൽ ഉള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ് തൊട്ടടുത്ത കടയിലേക്ക് മാറ്റി. ഇതിനിടെ കടയിലെ ജ്യൂസർ ആരോ മോഷ്ടിച്ചു. 80 വർഷം മുൻപ് രാജന്റെ പിതാവ് വി. ശ്രീധരനാണ് സ്ഥലത്ത് കച്ചവടം ആരംഭിച്ചത്. അന്ന് മുതലേ ഉണ്ടായിരുന്ന കടയാണ് ഇപ്പോൾ തകർന്നത്.
പരമാവധി സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നേരത്തേ തന്നെ തോടിന്റെ കരയിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.