കൊല്ലം: സംസ്ഥാന സർക്കാരുകളുടെ അഴിമതിയെ കുറിച്ച് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ വാചാലനാകുന്ന മോദി ഇലക്ട്രൽ ബോണ്ടിനെ കുറിച്ച് മൗനം പാലിക്കുകയാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. കൊല്ലം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് അങ്കണത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വന്ന് സർക്കാരിനെ വിമർശിക്കുന്ന മോദി ഇത് നിയമസഭ തിരഞ്ഞെടുപ്പല്ല, ലോക്‌സഭ തിരഞ്ഞെടുപ്പാണെന്ന് മനസിലാക്കണം.
മോദി കഴിഞ്ഞ ദിവസം കേരളത്തിൽ ഉണ്ടായിരുന്നു. പങ്കെടുത്ത യോഗങ്ങളില്ലെല്ലാം മോദിയുടെ ഗ്യാരണ്ടി, ഗ്യാരണ്ടി എന്നാണ് ആവർത്തിച്ച് പറയുന്നത്. എന്താണ് മോദിയുടെ ഗ്യാരണ്ടി കഴിഞ്ഞ കാലങ്ങളിൽ അദേഹം നൽകിയ വാഗ്ദാനങ്ങൾക്ക് എന്താണ് സംഭവിച്ചത്. കള്ളങ്ങളും വ്യാജ വാഗ്ദാനങ്ങളുമാണ് മോദി സർക്കാർ ജനങ്ങൾക്ക് നൽകിയത്. ആയിരക്കണക്കിന് കോടി രൂപയാണ് ബി.ജെ.പി ഇലക്ട്രൽ ബോണ്ടിലൂടെ സമാഹരിച്ചതെന്നും ഡി.രാജ പറഞ്ഞു.
എൽ.ഡി.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.രാജു അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വരദരാജൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, മേയർ പ്രസന്ന ഏണസ്റ്റ്, എൽ.ഡി.എഫ് നേതാക്കളായ ആർ.വിജയകുമാർ, ജി.ലാലു, എസ്.ജയമോഹൻ, ഹണി ബഞ്ചമിൻ, എക്‌സ്.ഏണസ്റ്റ്, എ.എം.ഇക്ബാൽ, അഡ്വ. എ.രാജീവ്, ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. ടി.കെ.വിനോദൻ പ്രസംഗം പരിഭാഷപ്പെടുത്തി.