കൊല്ലം: ആശ്രാമം മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് രാവി​ലെ നടക്കാനിറങ്ങുന്നവർക്കും വ്യായാമം ചെയ്യാനെത്തുന്നവർക്കും വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ വൃത്തിഹീനം. മൂന്ന് ജോഡിയിലധികം ഇരിപ്പിടങ്ങളാണ് പക്ഷികളുടെ കാഷ്ഠം വീണും തെരുവ് നായ്ക്കക്കളുടെ മലമൂത്ര വിസർജനം കൊണ്ടും അടുക്കാനാവാത്ത അവസ്ഥയായത്.

രാവിലെയും വൈകിട്ടുമായി നൂറിലധികം പേരാണ് മൈതാനത്തിലെ നടപ്പാതയിലെത്തുന്നത്. മൈതാനം ചുറ്റിവരണമെങ്കിൽ 2.30 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. ഇത്രയും ദൂരം സഞ്ചരിക്കവേ, അല്പനേരം വിശ്രമിക്കാനാണ് നടപ്പാതയ്ക്കു സമീപത്തായി ഇരുമ്പ് ബെഞ്ചുകൾ സ്ഥാപിച്ചിട്ടുള്ളത്. ബെഞ്ചുകളിൽ ഇരിക്കാനാകാത്തതിനാൽ നടപ്പാതയിൽത്തന്നെ ഇരിക്കേണ്ട സ്ഥിതിയാണ്. കോർപ്പറേഷൻ തൊഴിലാളികൾ നടപ്പാത ഉൾപ്പെടെയുള്ള സ്ഥലങ്ങളെല്ലാം വൃത്തിയാക്കാറുണ്ടെങ്കിലും പക്ഷി കാഷ്ഠം വീണ് മലിനമായ ബെഞ്ചുകളിലേക്ക് ശ്രദ്ധി​ക്കാറി​ല്ല. വി​വരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി​ ഉണ്ടാകുന്നി​ല്ല. വയോധികർ ഉൾപ്പെടെയുള്ളവർ വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ ആശ്രയിച്ചിരുന്നത് ഈ ബെഞ്ചുകളെയാണ്. ഇവ മലിനമായതോടെ ഇവർ മൈതാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറി. ഒരേസമയം ഒരു ബെഞ്ചിൽ നാല്‌ പേർക്ക് ഇരിക്കാം.

പരി​ഹാരം അനി​വാര്യം

വേനൽചൂട് വർദ്ധിച്ചതോടെ ഇരുചക്രവാഹന യാത്രികരും കാൽനട യാത്രക്കാരും ഉൾപ്പെടെ നിരവധിപേരാണ് ചൂടിന് ആശ്വാസം തേടി ആശ്രാമം മൈതാനത്തെത്തുന്നത്. സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന് എതിർവശത്തുള്ള, മൈതാനത്തിലെ കോൺക്രീറ്റ് ഇരിപ്പിടങ്ങളുടെ അവസ്ഥയും സമാനമാണ്. നി​ലവി​ലെ അവസ്ഥയ്ക്ക് പരി​ഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.