nda
എൻ.ഡി.എ കല്ലുവാതുക്കൽ പഞ്ചായത്ത് കൺവൻഷൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിലെ ജനങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത് മോദിയുടെ ഗ്യാരന്റിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൻ.ഡി.എ കല്ലുവാതുക്കൽ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫും യു.ഡി.എഫും കാലാകാലങ്ങളായി വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽഗാന്ധിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല. അവർ വർഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തിൽ വരാനാണ് ശ്രമിക്കുന്നത്.
രാഹുൽഗാന്ധി പി.എഫ്‌.ഐയെ കൂട്ടുപിടിക്കുമ്പോൾ പിണറായി വിജയൻ പി.ഡി.പിയെ കൂട്ടുപിടിക്കുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയ ശക്തികളെ ഒരുപോലെ എതിർക്കുന്നെന്ന് പറയുന്നവർ വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.