കൊല്ലം: ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായെന്ന് വരണാധികാരിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.

മണ്ഡലത്തിലെ 1215 പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ വോട്ടിംഗ് മെഷീനുകൾ ഇ.എം.എസ് (ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ മാനേജ്മെന്റ് സിസ്റ്റം) ആപ്ലിക്കേഷന്റെ സഹായത്തോടെ അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെ പൂർത്തിയാക്കിയത്. കൊല്ലം മണ്ഡലത്തിലെ 1215 പോളിംഗ് സ്റ്റേഷനുകളിലേക്കായി റിസർവ് സഹിതം 1455 ബാലറ്റ് യൂണിറ്റുകളും 1455 കൺട്രോൾ യൂണിറ്റുകളും 1576 വി.വി പാറ്റ്കളും അനുവദിച്ചു.

നിലവിൽ മെഷീനുകൾ അസംബ്ലി തലത്തിൽ ഉപവരണാധികാരികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. സ്ട്രോംഗ് റൂമുകളിൽ മതിയായ സുരക്ഷയിലാണ് സൂക്ഷിക്കുന്നത്.

കളക്ടറുടെ ചേംബറിൽ ജനറൽ ഒബ്സർവർ അരവിന്ദ് പാൽ സിംഗ് സന്ധുവിന്റെ സാന്നിദ്ധ്യത്തിലാണ് റാൻഡമൈസേഷൻ നടത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥികളായ എൻ.ജയരാജൻ, ഗോകുലം സുരേഷ്‌ കുമാർ, ഇതര സ്ഥാനാർത്ഥികളുടെ ഏജന്റുമാർ, ഉപവരണാധികാരികൾ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, ഇ.വി.എം നോഡൽ ഓഫീസർ ലിജി ജോർജ്, ജൂനിയർ സൂപ്രണ്ട് നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.