കൊട്ടാരക്കര: കോട്ടാത്തല പടിഞ്ഞാറ് ഏരുമാന്നൂർ ഏലായിൽ കാട്ടുപന്നിശല്യം രൂക്ഷം. കർഷകന്റെ 45 മൂട് ഏത്തവാഴത്തൈകൾ നശിപ്പിച്ചു. കോട്ടാത്തല വാളാവിൽ പുത്തൻവീട്ടിൽ കെ.സുകുവിന്റെ വാഴത്തോട്ടത്തിലാണ് കൂടുതൽ നാശമുണ്ടാക്കിയത്. 600 മൂട് വാഴത്തടത്തിൽ 45 മൂടും കഴിഞ്ഞ ദിവസങ്ങളിൽ പന്നി നശിപ്പിച്ചു. റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനായ കെ.സുകു ബന്ധപ്പെട്ട വകുപ്പുകളിൽ ബന്ധപ്പെട്ടിട്ടും പന്നികളെ തുരത്താൻ നടപടിയാകുന്നില്ല. പ്രദേശത്തെ മറ്റ് കൃഷിയിടങ്ങളിലും നാശമുണ്ടാക്കുന്നുണ്ട്. ഒറ്റയ്ക്കും കൂട്ടമായും പന്നികൾ കൃഷിയിടങ്ങളിലെത്തുന്നുണ്ട്. മൂടോടെയാണ് വാഴകൾ കുത്തിമറിക്കുന്നത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഫലമില്ലെന്നാണ് കർഷകരുടെ പരാതി. കടുത്ത വേനലിലും വെള്ളം കോരി നനച്ച് കിളിർപ്പിച്ച കൃഷിയെല്ലാം പന്നിശല്യത്താൽ നശിക്കുന്നത് സങ്കടത്തോടെ നോക്കി നിൽക്കുകയാണ് കർഷകർ. ഈ സ്ഥിതി തുടർന്നാൽ എരുമാന്നൂർ ഏലായിലെ കൃഷി അവസാനിപ്പിക്കാനാണ് തീരുമാനം. മാസങ്ങളായി പ്രദേശത്ത് കാട്ടുപന്നികൾ എത്തിയിട്ട്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാനും ആളുകൾ മടിക്കുന്നുണ്ട്.